പൊലീസ്​ മേധാവിയായി ടോമിന്‍ ജെ. തച്ചങ്കരി പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ച് പണിക്കൊരുങ്ങി സര്‍ക്കാര്‍. ഡിജിപി സ്ഥാനം മുതല്‍ താഴേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ മാറ്റങ്ങളുണ്ടാകും. ലോക്​നാഥ്​ ബെഹ്​റ സ്ഥാനമൊഴിയുന്ന പശ്​ചാത്തലത്തില്‍ ടോമിന്‍ ജെ. തച്ചങ്കരി സംസ്ഥാന പൊലീസ്​ മേധാവിയായേക്കുമെന്ന്​ സൂചന. ഡി.ജി.പി സ്ഥാനത്തേക്ക്​ ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

അനധികൃത സ്വത്ത്​ സമ്ബാദകേസില്‍ തച്ചങ്കരിക്കെതിരായ അന്വേഷണം പൂര്‍ത്തിയാ​യെന്ന റിപ്പോര്‍ട്ടുകളുണ്ട്​. ​അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന്​ ആവശ്യപ്പെട്ട്​ തച്ചങ്കരി സര്‍ക്കാറിന്​ കത്ത്​ നല്‍കിയതായാണ്​ വിവരം.

ഡി.ജി.പി സ്ഥാനത്തേക്ക്​ സര്‍ക്കാര്‍ തീരുമാനിച്ച ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന്​ മുന്നിലാണ്​. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമ​​​ന്ത്രാലയം വൈകാതെ ചുരുക്കപ്പട്ടിക കൈമാറുമെന്നാണ്​ സൂചന. അതേസമയം, ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ സിയാല്‍ എം.ഡി സ്ഥാനവും നല്‍കിയേക്കും. ബെഹ്​റയെ സംസ്ഥാന പൊലീസ്​ ഉപദേശകനാക്കുമെന്ന വാര്‍ത്തകളും പുറത്ത്​ വരുന്നുണ്ട്​.