കൊക്കയാറില്‍നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി; സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 22 മരണം

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ തകര്‍ത്തുപെയ്ത പേമാരിയുടെ ദുരിതമൊഴിയുന്നില്ല. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തതോടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍  മരിച്ചവരുടെ എണ്ണം 22 ആയി.

കൊക്കയാറില്‍നിന്ന് മൂന്നു കുട്ടികളുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇനി ഇവിടെ കണ്ടെത്താനുള്ളത് അഞ്ച് പേരെയാണ്. ഇവിടെ കാണാതായിരുന്ന എട്ട് പേരില്‍ അഞ്ചുപേരും കുട്ടികളാണ്. ഉരുള്‍പൊട്ടലില്‍ കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും  എത്തിച്ചിട്ടുണ്ട്..

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തല്‍ ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിന്റെ വീട്ടിലായിരുന്നു റൈഹാന്‍ ഉണ്ടായിരുന്നത്.

രാവിലെ കടയില്‍ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടില്‍ വീഴുകയായിരുന്നു. പരിസരവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. 18 ദുരിതാശ്വാസ ക്യാമ്ബുകളിലായി 373 പേരാണ് കഴിയുന്നത്. 88 കുടുംബങ്ങളെ മല്ലപ്പള്ളിയില്‍ മാറ്റി പാര്‍പ്പിച്ചു. കോഴഞ്ചേരിമല്ലപ്പള്ളി റൂട്ടില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.