അത്രത്തോളം അദ്ദേഹം എനിക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്, രഞ്ജിനി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രഞ്ജിനി. ഇപ്പോള്‍് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ചിത്ര’ത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ ഒരു പ്രധാന ബുദ്ധിമുട്ടിനെ കുറിച്ചും അന്ന് തനിക്ക് വലിയ സഹായമായി നിന്ന വ്യക്തിയെ കുറിച്ചുമാണ് സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് രഞ്ജിനി തുറന്ന് പറഞ്ഞത്.

നടി രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ചിത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്‌ബോള്‍ എനിക്ക് ഭാഷ വലിയ പ്രശ്‌നമായിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയൊക്കെ എനിക്ക് വേണ്ടി കുറെയധികം ബുദ്ധിമുട്ടി. പ്രിയന്‍ സാര്‍ എന്നോട് പറഞ്ഞത് വെറുതെ ‘സരിഗമ’ എന്നൊക്കെ പറഞ്ഞാല്‍ മതിയെന്ന്, എങ്കിലും ഞാന്‍ മലയാളം പഠിക്കാന്‍ കഴിവതും ശ്രമിച്ചു. അന്ന് എന്നെ സഹായിച്ച ആ സിനിമയുടെ അസോസിയേറ്റ് സംവിധായകന്‍ വി.ആര്‍ ഗോപാലകൃഷ്ണന്‍ സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല’.

‘അത്രത്തോളം അദ്ദേഹം എനിക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്. ഓരോ സംഭാഷണങ്ങളും അദ്ദേഹം എനിക്ക് അത്രത്തോളം ക്ഷമയോടെ പറഞ്ഞു തന്നു. അതില്‍ ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാന്‍ കഴിഞ്ഞു. പട്ടി, തെണ്ടി, എന്നൊക്കെയുള്ള വിളി ഞാന്‍ പഠിച്ചെടുത്തു. ആ സിനിമ പോലെ ഞാന്‍ ആസ്വദിച്ചു ചെയ്ത മറ്റൊരു സിനിമയില്ല’ രഞ്ജിനി പറയുന്നു.