ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, 15-ഓളം യാത്രക്കാർക്ക് പരിക്കേറ്റു

ഇടുക്കി: ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15-ഓളം പേർക്ക് പരിക്കേറ്റു. വണ്ണപ്പുറം മുണ്ടൻ മുടിയിൽ ഇന്ന് വൈകുന്നേരമായിരുന്നു അപകടം. മൂന്നാറിൽ നിന്നും മടങ്ങി വരുന്നതിനിടെ ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കായംകുളത്ത് നിന്നും മൂന്നാറിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, പൊന്മുടി കാർ 4 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഏഴാം വളവിൽ നിയന്ത്രണം തെറ്റിയ കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉച്ചയ്‌ക്ക് 1:30- ഓടെയായിരുന്നു അപകടം നടന്നത്. കാറിൽ ‘എൽ’ ബോർഡ് ഉണ്ടായിരുന്നതിനാൽ തന്നെ കാർ ഓടിക്കാൻ അധികം പരിശീലനം ലഭിക്കാത്ത വ്യക്തിയായിരുന്നു വാഹനം ഓടിച്ചത്.

കാർ അനുവെന്ന സ്ത്രീയായിരുന്നു ഓടിച്ചിരുന്നത്. യുവതിക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. ഇത്തരത്തിൽ നിരവധി പേർ ഈ ഭാഗത്ത് വാഹനം ഓടിച്ച് പരിശീലിക്കുന്നതിനായി എത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ വിതുര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.