വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാൻ ശ്രമം, ദമ്പതികൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

ബെംഗളൂരു∙ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കാൻ ഭാര്യയെ വിധവയാക്കി പരിചയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം. ദമ്പതികൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. ദമ്പതികളായ ഖലീം, സബ, ഒബേദ് റക്കീം, അതീഖ് എന്നിവരാണ് അറസ്റ്റിലായത്.

ഖലീം തന്റെ ഭാര്യ സബയെ വിധവയായ സ്ത്രീയാണെന്നു പറഞ്ഞ് വ്യവസായിയാ അദിയുല്ലയെ പരിചയപ്പെടുത്തുകയും കൂടെ നിർത്തി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സബ, അദിയുല്ലയുമായി അടുത്തു. ആർആർ നഗർ പ്രദേശത്തെ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാനും ആധാർ കാർഡുമായി എത്താനും അദിയുല്ലയോട് സബ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടൽ മുറിയിലെത്തിയ അദിയുല്ലയെ പ്രതികൾ ഒരുമിച്ചു പൂട്ടിയിടുകയും വിവരം പുറത്തുപറയാതിരിക്കാൻ ആറു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

ഭീഷണി തര്‍ക്കത്തിലേക്കു നീങ്ങിയപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ ക്രൈംബ്രാഞ്ച് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. സിസിബി പൊലീസ് എത്തി പ്രതികളെ കയ്യോടെ പിടികൂടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികൾ ഇതിനു മുൻപും ഹണിട്രാപ്പ്, കവർച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു സെൻട്രൽ സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) സ്പെഷൽ വിങ്സ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.