ടൊവിനോ തോമസിന്റെ ഷെഫ് വാഹനാപകടത്തിൽ മരിച്ചു

ഏറ്റുമാനൂര്‍ : നടൻ ടൊവിനോ തോമസിന്റെ ഷെഫ് വാഹനാപകടത്തിൽ മരിച്ചു. കല്ലറ തെക്കേഈട്ടിത്തറ വിഷ്ണു (31) ആണ് മരിച്ചത്. നടന്‍ ടൊവിനോയുടെ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. വിഷ്ണുവിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

മണര്‍കാട്-പട്ടിത്താനം ബൈപ്പാസില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. എതിര്‍ദിശയിലെത്തിയ രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പേരൂരിലെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്ന വിഷ്ണു.

പിന്നാലെതന്നെ അപകടത്തിപ്പോൾ പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്ന് കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂര്‍ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിന്‍ മാത്യു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഷ്ണു പാരലല്‍കോളേജ് അധ്യാപകനായിരുന്ന പരേതനായ ശിവാനന്ദന്റെയും രാജിയുടെയും മകനാണ്. ആതിരയാണ് ഭാര്യ. പ്രീജ, ജ്യോതി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വെച്ചൂരിലെ വീട്ടുവളപ്പില്‍ നടക്കും.