തലയിൽ ചുമടുമായി മെട്രോ യാത്രയ്ക്ക് എത്തിയ കർഷകനെ തടഞ്ഞു, ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ബെംഗളൂരു : തലയിൽ ചുമടുമായി മെട്രോ യാത്രയ്ക്ക് എത്തിയ കർഷകനെ തടഞ്ഞ സുരക്ഷ ഉദ്യോഗസ്ഥനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. ഷർട്ടും, മുണ്ടും, തലയിൽ ചുമടുമായി എത്തിയതിനാലാണ് ഉദ്യോഗസ്ഥൻ കർഷകനെ തടഞ്ഞത്.

ഷർട്ടും മുണ്ടും തലയിൽ ചുമടുമായി എത്തിയ കർഷകൻ പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണ് സുരക്ഷ ഉദ്യോഗസ്ഥൻ തടഞ്ഞത്.ക്യുവിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു സംഭവം.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ബിഎംആർസിക്ക് എതിരെ പ്രതിഷേധവും ചർച്ചകളും ശക്തമായി. തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത്. സുരക്ഷാ ഭീഷണി ഉയർത്തുന്ന വസ്തുക്കളൊന്നും കർഷകന്റെ കൈയിൽ ഉണ്ടായിരുന്നില്ല എന്നാൽ വേഷത്തിന്റെ പേരിൽ മാറ്റിനിർത്തിയത് തികച്ചും അനീതിയാണെന്നായിരുന്നു ഉയർന്ന അഭിപ്രായം.