ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം. ഗതാഗത നിയമഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും തുക എത്രയായി കുറയ്ക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.

എത്ര കുറയ്ക്കാം എന്നത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൂടാതെ മോട്ടോര്‍ വാഹന ഭേദഗതിയില്‍ വ്യക്തതയ്ക്കായി വീണ്ടും കേന്ദ്രത്തിന് കത്തയക്കും. സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന
ഗതാഗത നിയമ ലംഘനങ്ങളില്‍ പിഴ കുറയ്ക്കാനാണ് നിര്‍ദ്ദേശം. മറ്റ് നിയമലംഘനങ്ങളില്‍ എന്ത് ചെയ്യാനാകുമെന്ന് നിയമവകുപ്പ് വീണ്ടും പരിശോധിക്കും.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഉത്തരവിറക്കിയല്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.