തൃപ്പൂണിത്തുറ സ്‌ഫോടനം, നഷ്ടപരിഹാരത്തിനായി പ്രദേശവാസികൾ ഹൈക്കോടതിയിലേക്ക്

തൃപ്പൂണിത്തുറ : ചൂരക്കാട് സ്ഫോടനത്തിൽ നഷ്ടപരിഹാരം തേടി പ്രദേശവാസികൾ ഹൈക്കോടതിയിലേക്ക്. പ്രത്യേക കമ്മീഷനെ നിയമിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ പ്രദേശത്തെ 45-ഓളം വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഒരു കമ്മീഷനെ നിയമിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. വിശദമായ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം കമ്മീഷൻ നഷ്ടപരിഹാരം കണക്കാക്കണം.

അപകടത്തിന് കാരണക്കാരായവർ നഷ്ടപരിഹാരം തരണമെന്നും ഇല്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദി ആരെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിയമപരമായിട്ടല്ല പ്രവർത്തിച്ചതെന്നും ലൈസൻസില്ലെന്നുമാണ് അധികാരികൾ പറയുന്നത്. അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും നഷ്ടപരിഹാരം സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ല.

സന്നദ്ധ സംഘടനകളാണ് വീടുകൾ താമസയോഗ്യമാക്കി തന്നത്. പഴയ രീതിയിൽ താമസിക്കാൻ ഇപ്പോൾ കഴിയാത്ത സ്ഥിതിയാണുള്ളത്. അതുകൊണ്ട് എത്രയും പെട്ടന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നതാണ് ആവശ്യം- ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.