സോഷ്യല്‍ മീഡിയയിലെ ട്രംപിന്റെ വിലക്ക്; വ്യാജ പ്രചരണങ്ങളില്‍ 73% കുറവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

യുഎസ് പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിന്റേയും അനുകൂലികളുടേയും സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഗുണകരമായെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെത്തുടര്‍ന്ന് അട്ടിമറി അഭ്യൂഹങ്ങളുടേയും മറ്റ് ആരോപണങ്ങളുടേയും പ്രചരണത്തിന് 73 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയെന്നാണ് സിഗ്‌നല്‍ ലാബ്‌സ് നടത്തിയ സര്‍വ്വേ തെളിയിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹാനികരമായ ചര്‍ച്ചകള്‍ കുറയ്ക്കുന്നതിന് ടെക് കമ്പനികളുടെ നിര്‍ണായകമായ തീരുമാനം സഹായകമായെന്നും സര്‍വ്വേഫലം വ്യക്തമാക്കുന്നു. ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച് ഒരാഴ്ച കഴിയുമ്പോള്‍ ഇലക്ഷന്‍ റിസല്‍ട്ടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ 2.5 ദശ ലക്ഷത്തില്‍ നിന്ന് 6,88,000 ആയി കുറഞ്ഞുവെന്നാണ് സര്‍വ്വേ പറയുന്നത്.

വ്യാജ വാര്‍ത്തകളുടെ പ്രചരണത്തില്‍ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയത്. ഇലക്ഷന്‍ നടന്ന നവംബര്‍ മൂന്നിന് മുന്‍പ് തന്നെ ട്രംപും അനുയായികളും ആരോപണങ്ങളും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ട്വിച്ച്, സ്‌പോട്ടിഫൈ, ഷോപ്പിഫൈ തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഒന്നടങ്കം ട്രംപിനും അനുയായികള്‍ക്കും വിലക്കേര്‍പ്പെടുത്തിയതോടെയാണ് വ്യാജ വാര്‍ത്തകളുടെ പ്രചരണത്തില്‍ കുറവ് വന്നത്.