കൂട്ടമരണം ആത്മഹത്യയല്ലെന്ന കണ്ടെത്തലുമായി മുംബൈ പൊലീസ്

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേരുടെ മരണം കൂട്ട ആത്മഹത്യയല്ലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി മുംബൈ പൊലീസ്. ഇവരുടെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് കണ്ടെത്തൽ. നേരത്തേ ഒമ്പത് പേരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. സംഗലി ജില്ലയിലെ മേസാലിലാണ് കൂട്ടക്കൊലപാതകം നടന്നത്.

ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ഈ സഹോദരങ്ങളിൽ നിന്ന് ഒരു കോടിയിലേറെ രൂപ കൈപ്പറ്റിയിരുന്നു. മൃഗ ഡോക്ടറായ മാണിക് വാൻമോറെ, മാണിക്കിന്‍റെ സഹോദരൻ പോപ്പറ്റ്, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവരാണ് മരിച്ചത്.

ഈ പണം തിരികെ ചോദിച്ചതാണ് മാണിക്കിന്റെയും പോപ്പറ്റിന്റെയും ഇവരുടെ കുടുംബാംഗങ്ങളുടെയും കൊലപാതകത്തിലേക്ക് എത്തിച്ചത്. സംഭവത്തിൽ അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.