സിൽവർ ലൈൻ 5 ശതമാനം കമ്മിഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണ്; സർവേക്കല്ലുകൾ പിഴുതെറിയും; കെ സുധാകരൻ

സിൽവർ ലൈൻ പദ്ധതി കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയെന്ന് കെ സുധാകരൻ. സിൽവർ ലൈൻ പദ്ധതിയിലെ 5 ശതമാനം കമ്മിഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണ്. കോടതിയെപ്പോലും മാനിക്കാതെയാണ് മുഖ്യമന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സിൽവർ ലൈൻ പുനരധിവാസ പാക്കേജ് പ്രലോഭനം മാത്രമാണെന്നും കെ സുധാകരൻ വ്യക്തമാക്കി.

സിൽവർ ലൈനെതിരെ സമര പദ്ധതികളുമായി മുന്നോട്ട് പോകും. ജനസമൂഹത്തെ രംഗത്തിറക്കി സർവേക്കല്ലുകൾ പിഴുതെറിയും. മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഭവിഷ്യത്ത് വിളിച്ച് വരുത്താമെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. വീടുകൾ തോറും കയറിയിറങ്ങി പദ്ധതിയുടെ ആഘാതം വിശദീകരിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.

പദ്ധതിയുടെ രക്തസാക്ഷികളാകാൻ പോകുന്നവരെ അണിനിരത്തി ജനകീയ പ്രക്ഷോഭം നടത്തും. ഒരു കാരണവശാലും സിൽവർ ലൈൻ പദ്ധതി നടപ്പാകില്ല. സിൽവർ ലൈൻ പദ്ധതി കാലഹരണപ്പെട്ട ടെക്നോളോജിയെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി എന്ത് ഉറപ്പിലാണ് സർക്കാർ സർവ്വേ നടത്തി കല്ലിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

പഠനം നടത്തുന്ന ഏജൻസി സർക്കാർ നേരിട്ട് തെരഞ്ഞെടുത്ത ഏജൻസിയാണ് അത് കൊണ്ട് തന്നെ അവരുടെ പഠന റിപ്പോർട്ട് എങ്ങനെയായിരിക്കും എന്ന് ഉറപ്പിക്കാവുന്നതല്ലേയെന്നാണ് സുധാകരന്‍റെ ചോദ്യം. കോൺഗ്രസിനെ വികസനം പഠിപ്പിക്കാൻ പിണറായി വരണ്ടെന്നും സുധാകരൻ പറഞ്ഞു.