ഫ്രാങ്കോയുടെ പീഡനം; പരാതി കിട്ടിയില്ലെന്ന ബിഷപ്പ് വടക്കേലിന്റെ മൊഴി വാസ്തവവിരുദ്ധം

കോട്ടയം: കന്യാസ്ത്രീ ക്രൂരബലാത്സംഗത്തിന് ഇരയായ വിവരം തനിക്ക് നല്‍കിയ പരാതിയില്‍ എഴുതിയിട്ടില്ലെന്ന് ഉജ്ജെയ്ന്‍ ബിഷപ്പ് സെബാസ്റ്റിയന്‍ വടക്കേല്‍ പോലീസിന് നല്‍കിയ മൊഴി പൂര്‍ണ്ണമായും ശരിയല്ലെന്ന് തെളിവ്. പരാതിക്കൊപ്പം ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടെയും ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെയും പകര്‍പ്പും കൊടുത്തിരുന്നു. ബിഷപ്പിന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍, ഫ്രാങ്കോയില്‍ നിന്നും ഒരു ബിഷപ്പിന് നിരക്കാത്ത വിധത്തിലുള്ള പെരുമാറ്റവും വാക്കുകളും ഉണ്ടായി എന്ന് വ്യക്തമായ സൂചന നല്‍കുന്നു. ലൈംഗിക ചൂഷണം അടക്കമുള്ള പീഡനങ്ങള്‍ നടന്നു എന്ന് വ്യക്തമാക്കുന്ന കത്താണ് ബിഷപ്പ് സെബാസ്റ്റിയന്‍ വടക്കേലിന് കന്യാസ്ത്രീ നല്‍കിയത്. അദ്ദേഹം അത് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൈമാറുകയും ചെയ്തിരുന്നു.

പരാതിയില്‍ പറയുന്നത് ഇങ്ങനെ:”ബിഷപ്പ് ഫ്രാങ്കോയുടെ പല ചെയ്തികളും അവയുടെ ചൂഷണത്തിന്റെ സ്വഭാവംകൊണ്ട് പേപ്പറില്‍ എഴുതി നല്‍കാന്‍ കഴിയില്ല. ഒരു ബിഷപ്പിന്റെ പദവിക്ക് ഒരിക്കലും നിരക്കാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ദുഷ്ടലാക്കോടെ ബിഷപ്പ് ഫോണിലൂടെയും നേരിട്ടും മെസേജുകള്‍ വഴിയും നടത്തുന്ന ഇടപാടുകള്‍ തനിക്ക് ഒരിക്കലും സഹിക്കാന്‍ പറ്റുന്നതല്ല. ഇതേതുടര്‍ന്ന് കഴിഞ്ഞവര്‍ഷം കന്യാമഠത്തിലെ ജീവിതം ഉപേക്ഷിച്ചു പോകാന്‍ വരെ ആലോചിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സഭയിലെ വൈദികരോടും കന്യാസ്ത്രീകളോടും ഞാന്‍ പങ്കുവച്ചു. ബിഷപ്പുമാര്‍ അടക്കമുള്ളവരെ അറിയിക്കാനാണ് അവര്‍ എനിക്ക് നിര്‍ദേശം നല്‍കിയത്. ഇക്കാര്യങ്ങള്‍ എല്ലാം എഴൂതി നല്‍കാന്‍ എനിക്ക് കഴിയില്ല. മേജര്‍ ആര്‍ച്ച്ബിഷപ്പിനെ നേരില്‍കണ്ട് ഇവ ബോധിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണം.” എന്നാണ് 2017 ജൂലായ് 11ന് കന്യാസ്ത്രീ ബിഷപ്പ് വടക്കേലിന് നല്‍കിയ കത്തിലെ പ്രധാന ഭാഗം. ഈ കത്തിന് അനുബന്ധമായി നല്‍കിയ തെളിവുകളായി പറഞ്ഞിരിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയുടെ മൊബൈല്‍ ഫോണില്‍ നിന്നും പരാതിക്കാരിയുടെ മൊബൈലിലേക്ക് വന്ന സന്ദേശങ്ങളും കന്യാസ്ത്രീയോട് നടത്തിയ അശ്ലീല വര്‍ത്തമാനങ്ങളും അയച്ചുകൊടുത്ത നഗ്ന ചിത്രങ്ങളും ആണ്.

ഇതില്‍ നിന്നും ബിഷപ്പ് ഫ്രാങ്കോ ലൈംഗിക ചൂഷണം നടത്തുന്നതിനെ കുറിച്ച് പരാതിപ്പെട്ടില്ല എന്ന് ബിഷപ്പ് വടക്കേലിന് ഉറപ്പിച്ച് പറയാന്‍ സാധിക്കുമോ. പതിനാല് സെക്കന്റ് ഒരു സ്ത്രീയെ തുറിച്ചുനോക്കിയാല്‍ പീഡനത്തിന്റെ വകുപ്പില്‍പെടുമെന്ന് പറയുന്ന നാട്ടിലാണ് ഇത്രയും വ്യക്തമായ സൂചന കന്യാസ്ത്രീ ബിഷപ്പ് വടക്കേലിന് നല്‍കുന്നത്. ഒരു സ്ത്രീക്ക്, അതും ഒരു കന്യാസ്ത്രീക്ക് ഒരു പുരോഹിതനോട് പറയാവുന്നതിന്റെ മാന്യതയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്രയൊക്കെ തുറന്നുപറഞ്ഞിട്ടും സാധാരണക്കാര്‍ക്ക് ഒറ്റവായനയില്‍ മനസ്സിലാകുന്ന കാര്യങ്ങള്‍ ദൈവശാസ്ത്രവും തത്വശാസ്ത്രവും പഠിച്ച് പുരോഹിതനായ ഒരാള്‍ക്ക് വായിച്ച് അത് ലൈംഗിക സ്വഭാവമുളള പീഡനമായി മനസ്സിലാക്കാന്‍ സാധിക്കില്ലേ.

കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകനും ഈ കേസില്‍ ഹൈക്കോടതിയിലെ ഹര്‍ജിക്കാരനുമായ ജോര്‍ജ് ജോസഫ് പറയുന്നു: തനിക്ക് നല്‍കിയ പരാതിയില്‍ ‘ലൈംഗിക പീഡനം’ എന്ന് വ്യക്തമായി എഴുതിയിരുന്നില്ല എന്ന ബിഷപ്പ് വടക്കേലിന്റെ വാദം ഇവിടെ ശരിയാണ്. എന്നാല്‍ പീഡനങ്ങളെ കുറിച്ച് കന്യാസ്ത്രീകള്‍ വാക്കാല്‍ പരാതിപ്പെട്ടു എന്ന കാര്യം അദ്ദേഹം സൗകര്യപൂര്‍വ്വം മറച്ചുവച്ചു എന്നതാണ് യഥാര്‍ത്ഥ്യം. പീഡനങ്ങളെ കുറിച്ച് അറിഞ്ഞിരുന്നു എന്നു തുറന്നുസമ്മതിച്ചാല്‍ അദ്ദേഹവും കുറ്റക്കാരനാകും. അതുകൊണ്ട് സ്വന്തം സുരക്ഷയും കര്‍ദ്ദിനാള്‍ േജാര്‍ജ് ആലഞ്ചേരിയുടെ സുരക്ഷയും മുന്നില്‍കണ്ട് അറിഞ്ഞില്ലെന്നു പറഞ്ഞ് തടിതപ്പുകയാണ് ചെയ്തിരിക്കുന്നത്. ബിഷപ്പ് വടേക്കലിനെതിരെ കേസ് കൊടുക്കും. അദ്ദേഹത്തിനെതിരെ സഭ നടപടി സ്വീകരിക്കേണ്ടതാണ്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ അതിന്റേതായ മാന്യതയും സത്യസന്ധതയും പുലര്‍ത്തണം. ഇദ്ദേഹം കള്ളസാക്ഷ്യമാണ് നല്‍കിയിരിക്കുന്നതെന്നും ജോര്‍ജ് ജോസഫ് ആരോപിച്ചു.