റഷ്യ തടവിലാക്കിയ യുക്രെയ്ൻ പട്ടാളക്കാരന്റെ അവസ്ഥ ഞെട്ടിക്കുന്നത്, ചിത്രം പുറത്ത്

റഷ്യൻ സേന പിടികൂടിയ യുക്രെയ്ൻ പട്ടാളക്കാരന്റെ ഞെട്ടിക്കുന്ന ചിത്രം പുറത്ത്. ചിത്രം പുറത്തു വന്നതോടെ റഷ്യൻ ജയിലിൽ പട്ടളക്കാരൻ അനുഭവിച്ച കൊടിയ പീഡനമാണ് പുറത്തായത്. മിഖൈലോ ഡയനോവ് എന്ന സൈനികൻ റഷ്യയുടെ പിടിയിലാകുന്നതിന് മുമ്പും വിട്ടയച്ച ശേഷവുമുള്ള ചിത്രങ്ങളാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വളരെ ആരോ​ഗ്യവാനായിരുന്ന സൈനികൻ റഷ്യൻ സംഘത്തിന്റെ പിടിയിലായതോടെ ആകം മാറി. മുഖത്തും കൈകളിലും പരിക്കേൽക്കുകയും മെലിഞ്ഞ് എല്ലും തോലുമാകുകയും ചെയ്തുവെങ്കിലും ഡയനോവ് ഭാഗ്യവാനാണെന്ന് യുക്രൈൻ ഡിഫൻസ് ട്വീറ്റ് ചെയ്തു.

യുക്രെയ്ൻ സൈനികനായ മിഖൈലോ ഡയനോവ് ഭാഗ്യമുള്ളയാളാണ്. സഹപ്രവർത്തകരായ പലരിൽനിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു ജീവൻ തിരിച്ചുകിട്ടിയല്ലോ. ഇങ്ങനെയാണു ജനീവ കൺവെൻഷൻ വ്യവസ്ഥകൾ റഷ്യ പാലിക്കുന്നത്. ഇത്തരത്തിലാണു നാസിസം റഷ്യ പിന്തുടരുന്നത്’’– ചിത്രങ്ങൾ പങ്കുവച്ച് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഈ വർഷമാദ്യം മരിയുപോളിലെ സ്റ്റീൽപ്ലാന്റിനു നേരെയുണ്ടായ റഷ്യൻ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഡയനോവ് പിടിയിലായത്. ഇദ്ദേഹമടക്കം 205 തടവുകാരെ റഷ്യ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഡയനോവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും കീവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും സഹോദരി അലോന ലവ്‍റുഷ്കോ അറിയിച്ചു. മനുഷ്യത്വരഹിതമായി പെരുമാറിയ റഷ്യൻ സേന ഡയനോവിന്റെ കയ്യിൽനിന്നും 4 സെന്റിമീറ്റർ എല്ല് മുറിച്ചെടുത്തു. ദീർഘകാല ചികിത്സ വേണ്ടിവരുമെന്നും സഹോദരി വ്യക്തമാക്കി.