ഇടുക്കിയില്‍ അഞ്ച് വയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവം; പിതൃസഹോദരനെ റിമാന്‍ഡ് ചെയ്തു

ഇടുക്കിയില്‍ അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പിതൃസഹോദരന്‍ റിമാന്‍ഡില്‍. ഇടുക്കിയില്‍ ഉണ്ടപ്ലാവ് എന്ന സ്ഥലത്ത് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് ക്രൂരമായ മര്‍ദനത്തിനിരയായത്. സംഭവത്തില്‍ അറസ്റ്റില്‍ ചെയ്ത കുട്ടിയുടെ പിതൃസഹോദരനെ റിമാന്‍ഡ് ചെയ്തു. മര്‍ദ്ദനത്തില്‍ കുട്ടിക്ക് തലയോട്ടിക്ക് പൊട്ടലേല്‍ക്കുകകയും ആന്തരിക രക്തസ്രാവമുണ്ടാകുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

കുട്ടിയുടെ പിതാവിന്റെ സഹോദരനായ ഇമദുല്‍ ഹുക്കുവാണ് അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് തറയിലിടിക്കുകയായിരുന്നു. രാത്രിയോടെ അവശനിലയിലായ കുട്ടിയെ തൊടുപുഴയിലെ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ചികിത്സയില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതാാണ് വിവരം. കുട്ടി വീണ് പരുക്കേറ്റു എന്നാണ് ആശുപത്രി അധികൃതരോട് മാതാപിതാക്കള്‍ പറഞ്ഞത്. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സത്യം പറയുകയായിരുന്നു.

അതേസമയം ഇമദുല്‍ ഹുക്കു കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്ന് ആശാപ്രവര്‍ത്തകര്‍ പറഞ്ഞു. മേലില്‍ കുട്ടിയെ ഉപദ്രവിക്കരുതെന്ന് ഇയാളെ താക്കീത് ചെയ്തിട്ടുളളതാണ്. പക്ഷേ ഇത് കണക്കിലെടുക്കാതെ ഇയാള്‍ കുട്ടിയെ വീണ്ടും ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമവും നടന്നു. ഇതേത്തുടര്‍ന്നാണ് കുട്ടി വീണതാണെന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ പറഞ്ഞത്.