നരേന്ദ്രമോദിയുടെ കീഴില്‍ ഇന്ത്യ കൂടുതല്‍ തിരിച്ചടിക്കുന്ന രാജ്യം; പാക്ക് ചൈന ബന്ധങ്ങളില്‍ ആശങ്കയെന്ന് യുഎസ്

ന്യൂഡല്‍ഹി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കം വര്‍ധിച്ച് വരുന്നതായും പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എതിരെ പ്രകോപനം സൃഷ്ടിച്ചാല്‍ ഇന്ത്യ മുന്‍പത്തേക്കാള്‍ ശക്തമായി പ്രതിരോധിക്കുവാനുള്ള സാധ്യത കൂടുതലാണെന്ന് യുഎസ്. സിഐഎ,എന്‍എസ്എ എന്നി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കൂട്ടായ്മയായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇന്റലിജന്‍സ് കമ്യൂണിറ്റി യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ ശത്രുരാജ്യങ്ങളുടെ പ്രകോപനങ്ങള്‍ക്കെതിരെ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നല്‍കുന്നുണ്ടെന്നും യുഎസ് പറയുന്നു. ഇന്ത്യയും ചൈനയും ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചാലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ചൈന ബന്ധം സുഗമമാകില്ലെന്ന് യുഎസ് വിലയിരുത്തുന്നത്.

ഇന്ത്യയും ചൈനയും ആണവ രാജ്യങ്ങളാണ് അതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുഎസിന്റെ താല്പര്യങ്ങള്‍ക്ക് എതിരാണെന്നും അങ്ങനെ സംഭവിച്ചാല്‍ പ്രശ്‌നത്തില്‍ യുഎസിന് ഇടപെടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.