ഏഴ് ചടങ്ങുകളായി മൂന്നു ദിവസം കൊണ്ടാണ് വിവാഹം നടന്നത്- ഊർമ്മിള ഉണ്ണി

1988ൽ ജി അരവിന്ദൻ സവിധാനം ചെയ്ത മാറാട്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്കെത്തിയ നടിയാണ് ഊർമ്മിള ഉണ്ണി. മകൾ ഉത്തര ഉണ്ണിയും നൃത്തത്തിലും അഭിനയത്തിലും സജീവമാണ്. സർഗം എന്ന സിനിമയിലെ അമ്മവേഷമാണ് ഊർമിള ഉണ്ണിയെ പ്രശസ്തയാക്കിയത്. സിനിമകൾക്ക് പുറമേ , മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി.

അഭിനയവും കൊണ്ടും നൃത്തം കൊണ്ടും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഉത്തര ഉണ്ണി. ഒപ്പം ഊർമ്മിള ഉണ്ണിയുടെ മകൾ എന്ന നിലയിലും, സംയുക്ത വർമ്മയുടെ അനുജത്തി എന്ന നിലയിലും കാലങ്ങളായി ഉത്തര പ്രേക്ഷകരുടെ ഇഷ്ട താരം തന്നെയാണ്. ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.

ഉത്തര ഉണ്ണി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ബിസിനസുകാരനായ നിതേഷാണ് വരൻ. കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും കൊവിഡ് മൂലം വിവാഹം നീണ്ടുപോവുകയായിരുന്നു. കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.

വിവാഹത്തെപ്പറ്റി ഉത്തര പറയുന്നതിങ്ങനെ, വാക്കുകൾ, വിവാഹത്തിന്റെ വലിയ കൗതുകങ്ങളിൽ ഒന്ന് താലി കെട്ടിന് ഞാൻ അണിഞ്ഞിരുന്ന സാരിയാണ്. ഉത്തരാ സ്വയംവരം കഥ വരച്ച സാരിയായിരുന്നു അത്. മ്യൂറൽ പെയിന്റിങ് പോലെ, കേരള പട്ടുസാരിയിൽ അക്കർലിക് നിറങ്ങൾ ഉപയോഗിച്ച് വരപ്പിച്ചതായിരുന്നു. അമ്മയുടെ ആശയമാണ്. മൂന്ന് ദിവസം കൊണ്ടാണ് അത് തയ്യാറാക്കിയത്. സാരിയുടെ വലുപ്പത്തിൽ ഉത്തര സ്വയം വരം കഥ മുഴുവൻ വരച്ചിട്ടുണ്ട്. സാരി നിവർത്തി വിരിച്ചാൽ അത് കാണാം. താലിക്കെട്ടിന് നിതേഷ് ധരിച്ചത് സിംപിൾ ഡ്രസ് ആയിരുന്നെങ്കിലും അതിലും പെയിന്റിങ് വർക്കുകൾ ഉണ്ടായിരുന്നു.

മൂന്ന് ദിവസങ്ങളിലായി ഏഴ് ചടങ്ങുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ ദിവസം സപ്രമഞ്ചത്തിലിരുത്തി, അമ്മായിമാരും വല്യമ്മമാരുമൊക്കെ ചേർന്ന് എനിക്ക് മയിലാഞ്ചി ഇട്ടതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. രണ്ടു കൈയിലും വെറ്റില വച്ച് അതിലാണ് മയിലാഞ്ചിയരച്ചത് ഇടുക. അതിന് ശേഷം നിതേഷ് ബന്ധുക്കളോടൊപ്പം എത്തി, പച്ച കുപ്പിവളകൾ ഇട്ട് തന്നു. പച്ച സരസ്വതീ ദേവിയുടെ വേഷമാണ്. ദേവിയുടെ അനുഗ്രഹമാണ് അതിലൂടെ അർഥമാക്കിയത്. ചൂണ്ടാണി വിരലിൽ മിഞ്ചിയും ധരിപ്പിച്ചു.

വൈകിട്ട് സ്വയംവര പാർവതി ഹോമമുണ്ടായിരുന്നു. വലിയ ആഘോഷത്തോടെയാണ് വരനെ സ്വീകരിച്ച് മണ്ഡപത്തിൽ എത്തിച്ചത്. മേലാപ്പ് പിടിച്ച് എന്നെയും മണ്ഡപത്തിലേക്ക് ആനയിച്ചു. പിന്നീട് കലാപരിപാടികൾ ഉണ്ടായിരുന്നു. അന്ധരായ കലാകാരന്മാരുടെ സംഗീത പ്രോഗ്രാം നടത്തി. അവരെ സഹായിക്കാനാണ് അങ്ങനൊന്ന് നടത്തിയത്. നൃത്തം ചെയ്തത് ഞങ്ങളുടെ വിദ്യാർഥികളാണ്. രണ്ടാം ദിവസം ഉച്ചയ്ക്കാണ് ചടങ്ങുകൾ തുടങ്ങിയത്. അന്ന് വൈകുന്നേരമായിരുന്നു ഹൽദി. തൊട്ടടുത്ത ദിവസം രാവിലെ ആറ് മണിക്കും ആറേ മുക്കാലിനും ഇടയ്ക്കായിരുന്നു പൊന്നോത്ത് അമ്പലത്തിൽ വച്ച് താലിക്കെട്ട്. ഞാൻ അഞ്ച് വയസ് മുതൽ പൊന്നോത്ത് അമ്മയുടെ അടുക്കൽ പോകുന്നതാണ്. അവിടെ വച്ച് വിവാഹം നടത്തുക എന്റെ വലിയ ആഗ്രഹമായിരുന്നു. നടി ദിവ്യ ഉണ്ണിയുടെ അമ്മ ഉമ ടീച്ചറാണ് എന്നെ സംസ്‌കൃതം പഠിപ്പിച്ചത്. ടീച്ചറാണ് എനിക്ക് ചെത്തിയും തുളസിയും കോർത്ത വിവാഹമാല എടുത്ത് തന്നതും. താലിയിൽ രണ്ട് ചിലങ്ക മണികൾ കോർത്തിട്ടുണ്ട്. ക്രൗൺ പ്ലാസയിൽ വച്ചാണ് വിവാഹത്തിന്റെ മറ്റ് ചടങ്ങുകൾ. അവിടെ ഉപയോഗിച്ച കാല്യാണ മാല കുപ്പിവളകൾ കോർത്തതായിരുന്നു. കതംബമാണ് അതിൽ ഉപയോഗിച്ച പൂവ്.