പിണക്കമെല്ലാം മാറി, നിറചിരിയോടെ ഉർവ്വശിയും കുഞ്ഞാറ്റയും ഒറ്റഫ്രെയിമിൽ

മലയാളത്തിന്റെ സൂപ്പർ നായികയാണ് ഉർവശി. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിർമ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശിയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഇപ്പോഴിത ഉർവശിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഉർവശിയുടേയും മകൾ കുഞ്ഞാറ്റയുടേയും സെൽഫി ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മകളെ കെട്ടിപിടിച്ച് നിൽക്കുന്ന ഉർവശിയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. വളരെ നാളുകൾക്ക് ശേഷമാണ് അമ്മയുടേയും മകളു‍ടേയും ഇത്തരമൊരു ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. പഠനവും ജോലിയുമെല്ലാമായി തിരക്കിലാണ് കുഞ്ഞാറ്റ.

തനിക്ക് വീണ്ടുമൊരു മകൻ പിറന്നപ്പോൾ പേരിടാനും അവനെ കൊ‍ഞ്ചിക്കാനും ആദ്യം ഓടി എത്തിയത് മകൾ കുഞ്ഞാറ്റയാണെന്ന് മുമ്പ് പല അഭിമുഖങ്ങളി‌ലും ഉർവശി തന്നെ പറഞ്ഞിട്ടുണ്ട്. താരദമ്പതികളുടെ മകളായ കുഞ്ഞാറ്റ സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചർച്ചകളും ഇടയ്ക്ക് നടന്നിരുന്നു.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നടി ഉർവശി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തി. മനോജ് കെ ജയനും ഉർവശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവിൽ 2000 ത്തിൽ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തിൽ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വർഷം നീണ്ട വിവാഹജീവിതം 2008 ൽ ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകൻ ആണുള്ളത്. ഉർവശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ നീലാണ്ഡൻ എന്നൊരു മകനുണ്ട്.