അടുത്ത 36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളം ആക്രമിക്കപ്പെട്ടേക്കാം : മുന്നറിയിപ്പ് നല്‍കി യു.എസ്

വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് നടന്നതിനു സമാനമായ ആക്രമണങ്ങള്‍ അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ സംഭവിച്ചേക്കാമെന്ന് യു.എസ്. കമാന്‍ഡര്‍മാര്‍ സൂചിപ്പിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി .

“അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തീവ്ര വാദികള്‍ വിമാനത്താവളം ആക്രമിച്ചേക്കുമെന്ന് ഭീഷണി നിലനില്‍ക്കുകയാണ്. അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ആക്രമണം നടക്കാനിടയുണ്ടെന്ന് കമാന്‍ഡര്‍മാര്‍ എന്നെ അറിയിച്ചു- “ബൈഡന്‍ ചൂണ്ടിക്കാട്ടി .

തുടര്‍ച്ചയായ, അടിയന്തര സ്വഭാവത്തിലുള്ള ഭീകരാക്രമണ മുന്നറിയിപ്പുകള്‍ യു.എസ്. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന രക്ഷൗദൗത്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കൃത്യവും വിശ്വസനീയവുമായ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാബൂള്‍ വിമാനത്താവളത്തിന്റെ സമീപമായുള്ള എല്ലാ യു.എസ്. പൗരന്മാരും അവിടം വിടണമെന്ന് കാബൂളിലെ യു.എസ്. എംബസി സുരക്ഷാ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗത്ത്(എയര്‍പോര്‍ട്ട് സര്‍ക്കിള്‍) ഗേറ്റ്, വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള പഞ്ച്ഷീര്‍ പെട്രോള്‍ സ്‌റ്റേഷന്റെ സമീപത്തുള്ള ഗേറ്റ് എന്നിവിടങ്ങളിലാണ് ആക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളത് . അതെ സമയം വ്യാഴാഴ്ചത്തെ ചാവേര്‍ ആക്രമണത്തില്‍ 13 യു.എസ്. സൈനികരടക്കം 170 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ്.-ഖൊറാസന്‍ ഏറ്റെടുത്തിരുന്നു. ഐ.എസ്.-ഖൊറാസന്‍ ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുള്ള യുഎസ് സൈന്യത്തിന്റെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ, ‘ഇത് അവസാനത്തേത് അല്ലെ’ന്നും ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു .