വി കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലന്‍സ് പിന്‍വലിച്ചു

പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലന്‍സ് പിന്‍വലിച്ചു. പകരം ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇബ്രാഹിം കുഞ്ഞ് അര്‍ബുദ ബാധിതനാണെന്നും കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയുണ്ടാകുമെന്നുമുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തെത്തുടര്‍ന്നാണ് വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ലെന്ന് കോടതി വ്യക്തമാക്കിയത്.

ഇതേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ടുവച്ചിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും തീരുമാനം അനുസരിച്ച് പരിഗണിക്കാമെന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് മെഡിക്കല്‍ ഓഫിസറും കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലന്‍സ് പിന്‍വലിച്ചത്.

എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗ മെഡിക്കല്‍ സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ചത്. മെഡിക്കല്‍ റിപ്പോട്ടില്‍ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് കണ്ടെത്തി. എല്ലിനും മജ്ജയ്ക്കും ഉണ്ടാകുന്ന മള്‍ട്ടിപ്പില്‍ മൈലോമ എന്ന ഗുരുതര രോഗമാണ് ഇബ്രാഹിം കുഞ്ഞിന്. നിലവില്‍ ഇബ്രാഹിം കുഞ്ഞിന്റെ നട്ടെല്ലിന് ക്ഷതമുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇബ്രാഹിംകുഞ്ഞ് 33 തവണ ലേക്‌ഷോര്‍ ആശുപത്രയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മെഡിക്കല്‍ സംഘം പരിശോധന നടത്തിയത്. മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രതിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചത്. പ്രതിയുടെ ശാരീരിക മാനസിക ആരോഗ്യ പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

വികെ ഇബ്രാഹിംകുഞ്ഞ്് പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി ക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് റിമാന്റിലായെങ്കിലും ആശുപത്രിയില്‍ തുടരുകയായിരുന്നു. ഇബ്രാഹിം കുഞ്ഞിന് ആശുപത്രിയില്‍ ചികിത്സ തുടരണമെന്നായിരുന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിലപാട്. ഇക്കാര്യം പരിശോധിക്കുന്നതിനാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെ കോടതി നിയോഗിച്ചത്.

ആശുപത്രി മാറ്റുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും നിലവിലെ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കാന്‍ കഴിയുമോയെന്ന് ഡിഎംഒ അറിയിക്കണമെന്നും കോടതി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.