വര്‍ഗീയത സൃഷ്‌ടിച്ചാൽ പി സി ജോര്‍ജ് ഇനിയും ജയിലില്‍ പോകും; മന്ത്രി വി ശിവന്‍കുട്ടി

വര്‍ഗീയത സൃഷ്‌ടിച്ചാൽ പി സി ജോര്‍ജ് ഇനിയും ജയിലില്‍ പോകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്.

പി സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല എന്നും മന്ത്രി വ്യക്തമാക്കി. വർഗീയ വിഭജനം ഉന്നംവെച്ചുള്ള നീക്കങ്ങളാണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നതെന്നും പി സി ജോർജിനെ അതിനുള്ള കരുവാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന പി സി ജോർജിന്റെ പ്രസ്താവനക്ക് കൗണ്ട്ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.തിരുവനന്തപുരത്ത് വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് പിസി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഇന്നലെ അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് തനിക്കെതിരെ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയില്‍ വെച്ച് മറുപടി നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.