കെ. സുധാകരനെതിരായ കേസ് കെട്ടിച്ചമച്ചത്, രാജിവെക്കാൻ അനുവദിക്കില്ലെന്ന് വി.ഡി. സതീശന്‍

കൊച്ചി : പുരാവസ്തു തട്ടിപ്പുകേസില്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്‍ത നടപടിയിൽ കോൺഗ്രസ് പ്രതിഷേധം കത്തുകയാണ്. കെ. സുധാകരനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തില്ലെന്നും പാര്‍ട്ടി അതേപ്പറ്റി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുധാകരന്‍ ഒറ്റക്കല്ല, പാര്‍ട്ടി ഒറ്റക്കെട്ടായിത്തന്നെ പിന്നിലുണ്ട്. അദ്ദേഹത്തിന് രാഷ്ട്രീയമായും നിയമപരമായുമുള്ള സുരക്ഷയൊരുക്കും. ജീവന്‍ കൊടുത്തും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സുധാകരനെ സംരക്ഷിക്കുമെന്നും സതീശന്‍ പറഞ്ഞു. അദ്ദേഹത്തെ ജയിലിലാക്കാനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു കോൺഗ്രസുകാരനും ഇത് കണ്ടു നിൽക്കില്ല. ആവശ്യമെങ്കില്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നറിയിച്ച് സുധാകരന്‍ പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവ് പാർട്ടിയുടെ തീരുമാനം വ്യക്തമാക്കിയത്. മുന്‍പ് ചോദ്യം ചെയ്തപ്പോഴൊന്നും സുധാകരനെക്കുറിച്ച് ഒന്നും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ കള്ളക്കേസില്‍പ്പെടുത്തുകയാണ്. പരാതി എഴുതിവാങ്ങി പ്രതിപക്ഷ നേതാക്കളെ കുടുക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരാണ് അഴിമതിയുടെ ചെളിക്കുണ്ടിലെന്നും സതീശന്‍ പറയുകയുണ്ടായി.