കുത്തഴിഞ്ഞ ആരോഗ്യ വകുപ്പ്, വീണ ജോർജിന്റെ വായടപ്പിച്ച് ഗണേഷ്‌കുമാർ MLA

തിരുവനന്തപുരം. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സർക്കാർ ആശുപത്രി സംവിധാനങ്ങൾ എന്നും ഒരു ച‌ർച്ചാ വിഷയമാണ്. അത്തരത്തിൽ സർക്കാ‌‌‌ർ ആശുപത്രി അധികതരു‍ടെ കൊള്ളരുതായ്മകൾ പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഗണേഷ്‌കുമാർ MLA. സർക്കാർ ആശുപത്രികളിൽ തല്ലുകൊള്ളേണ്ടവരുണ്ട് എന്നാണ് എംഎൽഎ കെബി ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞത്.

ആരോഗ്യ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കവേ, തന്റെ മണ്ഡലത്തിലെ ഒരു വിധവയ്‌ക്ക് തിരുവനന്തപുരം മെഡിക്കൽകോളേജിൽ ശസ്ത്രക്രിയക്കിടെ നേരിട്ട ദുരനുഭവം വിവരിച്ചായിരുന്നു എംഎൽഎ കെബി ഗണേഷ്‌കുമാറിന്റെ വിമർശനം. മുള്ളൂർ നിരപ്പ് സ്വദേശി ഷീബ എന്ന നാല്പത്തിയെട്ടുകാരി വിധവ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒരു ശസ്ത്രക്രിയ ചെയ്തു. ഇതിന് പിന്നാലെ വിദഗ്ധ ചികിത്സയ്‌ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലയച്ചു. ഡിസംബർ 17-ന് അവിടെ ഒരു ശസ്ത്രക്രിയകൂടി ചെയ്തെങ്കിലും അതിനുശേഷം തുന്നിയില്ല. ആ സഹോദരിയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കിയെന്ന് ഗണേഷ്‌കുമാർ തുറന്നടിക്കുകയായിരുന്നു.

‘സംഭവമറിഞ്ഞ താൻ ആരോഗ്യമന്ത്രിയുമായി സംസാരിച്ചു. മന്ത്രി സൂപ്രണ്ടിനെ വിളിച്ചു. എന്നാൽ അദ്ദേഹം നിർദേശം നൽകിയെങ്കിലും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അവരെ വീണ്ടും അഡ്മിറ്റുചെയ്യുകയോ ശസ്ത്രക്രിയനടത്തുകയോ ചെയ്തില്ല. ജനറൽ സർജറി വിഭാഗം മേധാവിയാണ് ഈ ഡോക്ടർ. പഴുപ്പ് പുറത്തേക്കൊഴുകുന്ന സ്ത്രീക്ക് വീണ്ടും ശസ്ത്രക്രിയക്കായി സൂപ്രണ്ട് പിന്നെയും ഇടപെട്ടെങ്കിലും അവർ ജീവനുംകൊണ്ടോടി. പിന്നാലെ തന്നെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ആ സ്ത്രീ വീട്ടിൽപ്പോയി കണ്ടു. എന്തുകൊടുത്തെന്ന് അന്വേഷണം വരുമ്പോൾ ഞാൻ വെളിപ്പെടുത്താമെന്നും, ഇങ്ങനെയുള്ളവരെ ആളുകൾ തല്ലിയാലും കുറ്റംപറയാനാവില്ലെന്നും-ഗണേഷ്‌കുമാർ പറഞ്ഞു.

സ്ത്രീയുടെ അവസ്ഥ വിവരിക്കുന്ന വീഡിയോദൃശ്യം മൊബൈലിൽ ഉയർത്തിക്കാട്ടിയായിരുന്നു ഗണേഷിന്റെ വിമർശനം.’കൂടാതെ ശസ്ത്രക്രിയയ്‌ക്ക്‌ വിധേയയായ സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ മൂന്ന് ശസ്ത്രക്രിയയും സർക്കാർ ആശുപത്രിയിലായി രുന്നെന്നും, അതിനാൽ കത്രിക സർക്കാരിന്റേതുതന്നെയെന്നും ഗണേഷ്‌കുമാർ കുറ്റപ്പെടുത്തി’ ആ ഡോക്ടറെ കണ്ടെത്താൻ കേരള പോലീസിനെ ഏല്പിക്കണം. കണ്ടെത്തി ക്രിമിനൽകുറ്റം ചുമത്തണം. മറ്റൊരുപ്രശ്നം ആശുപത്രികളിലെ സെക്യൂരിറ്റിക്കാരാണ്. കണ്ണാശുപത്രിയിൽ ചെന്നാൽ എം.എൽ.എ യാണെങ്കിലും അടിക്കും. ജനങ്ങളോടു മാന്യമായി പെരുമാറാൻ അവരെ പഠിപ്പിക്കണം’.

‘തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചില രാഷ്‌ട്രീയക്കാർ സ്വാധീനമുപയോഗിച്ച് രോഗികളെ ഡോക്ടർമാരെ കാണിക്കുന്നു. ഇക്കൂട്ടർ പണംവാങ്ങുന്നുണ്ടെന്നും ഗണേഷ്‌കുമാർ ആരോപിച്ചു. കൈക്കൂലിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭയിൽ ഗണേഷ്‌കുമാർ ഓർമിപ്പിച്ചു’. നേരത്തെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗണേഷ്‌കുമാർ രംഗത്ത് എത്തിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ജനങ്ങൾ എല്ലാം അറിയണമെന്നും അതിനായി ധവള പത്രം പുറത്തിറക്കണമെന്നും ഗണേഷ്‌കുമാർ ആവശ്യപ്പെട്ടിരുന്നു. മുന്നണിയിൽ ആരോഗ്യപരമായ കൂടിയാലോചനയില്ലെന്നും വികസന രേഖയിൽ ചർച്ചയുണ്ടായില്ലെന്നും ഗണേഷ് കുമാർ വിമർശിച്ചു. വികസന രേഖ എഴുതി എകെജി സെന്ററിൽ ഏൽപ്പിച്ചിരുന്നെന്നും പക്ഷേ കാര്യമായ ചർച്ച നടന്നില്ല. ഇടത് മുന്നണിയിലെ ഉൾപ്പോരാണ് ഗണേഷ്‌കുമാറിന്റെ പ്രതികരണത്തോടെ പുറത്തു വന്നിരിക്കുന്നത്.

പല വിഷയങ്ങളും എൽഡിഎഫ് പാർലമെൻററി പാർട്ടി യോഗം കൂടുമ്പോൾ ചർച്ച ചെയ്യുമെന്നും അത് പുറത്തേക്ക് എങ്ങനെ വരുന്നെന്ന് പറയാൻ പറ്റില്ലെന്നുമായിരുന്നു വാർത്തയെ കുറിച്ചുളള ചോദ്യങ്ങൾക്ക് ഗണേഷ്‌കുമാർ നൽകിയ മറുപടി. ഘടകകക്ഷി നേതാവെന്ന നിലയിൽ എൽഡിഎഫ് യോഗത്തിൽ പറയേണ്ട കാര്യങ്ങൾ പറയുമെന്നും അതാണ് എംഎൽഎയുടെ ദൗത്യമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സർക്കാർ ആശുപത്രി സംവിധാനങ്ങളുടെ അവസ്ഥകൾ തെളിവ് സഹിതം നിരത്തിയിരിക്കുകയണ് എംഎൽ എ ഗണേഷ്കുമാർ. തെളിവുകൾ കണ്ടു. ഇനി സർക്കാർ എന്ത് നടപടി എടുക്കുമെന്ന് കാത്തിരുന്നു കാണാം.