മധു കേസിൽ ഏപ്രിൽ നാലിന് വിധി, പ്രതികളുടെ ബന്ധുക്കൾ ആക്രമിക്കുമോ എന്ന് ഭയപ്പെട്ട്‌ അമ്മ മല്ലി

പാലക്കാട് . അട്ടപ്പാടി മധു കേസിൽ ചൊവ്വാഴ്ച വിധി പറയാനിരിക്കേ പ്രതികളുടെ ബന്ധുക്കളുടെ ആക്രമണം ഭയന്ന് മധുവിന്റെ അമ്മ മല്ലി. പ്രതികളെ അനുകൂലിക്കുന്നവരിലും നിന്ന് മധുവിന്റെ അമ്മ നിലവിൽ ഭീക്ഷണി നേരിടുന്ന സാഹചര്യത്തിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ ആക്രമണം നേരിടേണ്ടി വരുമെന്ന് മധുവിന്റെ അമ്മ ഭയക്കുന്നത്. കേസിനെ തുടർന്ന് പ്രതികളുടെ അനുകൂലികളിൽ നിന്ന് ഭീക്ഷണി നേരിടുന്ന മധുവിന്റെ അമ്മ മല്ലി തനിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പാലക്കാട് എസ്പിക്ക് പരാതി നൽകി.

പ്രതികളെ അനുകൂലിക്കുന്നവരിൽ നിന്നും ഭീഷണി നേരിടുന്നുണ്ടെന്നും പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ അക്രമം നേരിടേണ്ടി വരുമെന്ന് ഭയക്കുന്നതായും ഇവർ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. മാർച്ച് 30ന് കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ എത്താൻ വാഹനം ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും മല്ലി എസ് പി ക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. സമരസമിതി നേതാവായ മാർസനും പൊലീസ് സംരക്ഷണം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടുണ്ട്.

മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ ചൊവ്വാഴ്ച വിധി പറയുന്നത്. മാർച്ചിൽ കേസിലെ അന്തിമവാദം പൂർത്തിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-നാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. വിചാരണ ആരംഭിച്ചതിനു പിന്നാലെ അസാധാരണാമാം വിധം സാക്ഷികൾ കൂറു മാറിയ സംഭവം വിവാദമായിരുന്നു.

വിചാരണ ആരംഭിക്കുമ്പോള്‍122 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. വിചാരണ തുടങ്ങിയ ശേഷം അഞ്ച് പേരെ കൂടി ചേര്‍ത്ത് സാക്ഷികളുടെ എണ്ണം 127 ആക്കി. വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍ക്കുകയാണ് ഉണ്ടായത്. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കോടതി തന്നെ ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മധു ആൾകൂട്ടആക്രമണത്തിനിരയായി കൊല്ലപ്പെട്ടു അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പറയാനിരുന്നത്.