ആത്മഹത്യ കുറിപ്പ് എഴുതി വച്ച് റെയിൽവെ ട്രാക്കിലേക്ക് നടന്നുപോയി മരിക്കാൻ തീരുമാനിച്ചു- വിനോദ് കോവൂർ

മലയാളികളുടെ പ്രിയപ്പെട്ട നടനും കൊമേഡിയനും ഒക്കെയാണ് വിനോദ് കോവൂർ. സോഷ്യൽ മീഡിയയിലും സജീവമാണ് നടൻ. ഇപ്പോൾ കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് നടൻ.

വിനോദ് കോവൂരിന്റെ വാക്കുകൾ ഇങ്ങനെ, കരിയറിന്റെ തുടക്കത്തിലാണ് എം.ടിയുടെ ഒരു സിനിമയിൽ അവസരം ലഭിച്ചത്. എം.ടിയുടെ തിരക്കഥ, സേതുമാധവൻ എന്ന സംവിധായകൻ, നാല് നായകൻമാരിൽ ഒരാൾ താനാണെന്ന് പറഞ്ഞാണ് അഭിനയിക്കാൻ പോയത്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷമായാണ് യാത്രയാക്കിയത്.

എന്നാൽ അവിടെയെത്തിയപ്പോൾ അഭിനയിക്കാൻ താനില്ലെന്നാണ് അറിഞ്ഞത്. നല്ല വസ്ത്രങ്ങളൊന്നും എനിക്ക് ഇല്ലാത്തത് കൊണ്ട് നാട്ടുകാരും കൂട്ടുകാരും ഒക്കെയാണ് ഓരോന്ന് വാങ്ങി തന്ന് ഷൂട്ടിങിന് ആയി അയച്ചത്. അവിടെ എത്തിയപ്പോൾ ആ സിനിമയിൽ നമ്മളില്ല എന്ന് അറിയുന്നു. ഇനി തിരിച്ചെങ്ങനെ പോകും, എല്ലാവരുടെയും മുഖത്തെങ്ങനെ നോക്കും എന്നൊക്കെയുള്ള വിഷമം. ഒരു 21 വയസ്സ് കാരന് ആ വിഷമം താങ്ങാൻ പറ്റിയില്ല. ആത്മഹത്യ കുറിപ്പ് എഴുതി വച്ച് ഞാൻ റെയിൽവെ ട്രാക്കിലേക്ക് പോകുകയായിരുന്നു.

പക്ഷെ ആത്മഹത്യ ചെയ്യാനായി റെയിൽവെ ട്രാക്കിൽ എത്തിയപ്പോൾ ഞാൻ എന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിച്ചു. ആദ്യമായിട്ടൊരു നഷ്ടം വന്നതല്ലേ.. ഇനിയും അവസരങ്ങൾ വരുമായിരിയ്ക്കും. ഞാൻ പോയി കഴിഞ്ഞാൽ അച്ഛനും അമ്മയ്ക്കും എല്ലാം ഭയങ്കര സങ്കടമായിരിക്കില്ലേ. അങ്ങനെയൊക്കെ ആലോചിച്ചപ്പോൾ കത്ത് കീറി കളഞ്ഞ് ട്രെയിൻ കയറി വീട്ടിലേക്ക് വന്നു. അന്ന് ആ പൊട്ടത്തരം ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഈ വിനോദ് കോവൂർ ഇല്ല. ആദ്യത്തെ അനുഭവം ആയിരുന്നു അത്. പിന്നീട് പല അനുഭവങ്ങളും അത്തരത്തിൽ ഉണ്ടായിട്ടുണ്ട്