കൊട്ടാരക്കരയില്‍ വിനു മോഹന്‍, വിവേക് ഗോപന്‍ – ബിജെപിയുടെ സാധ്യതകളിങ്ങനെ

സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരുമെന്നിരിക്കേ പ്രമുഖരെ കളത്തിലിറക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിറസാന്നിധ്യമായി നില്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. സാധ്യതാ പട്ടികയില്‍ നിന്നും നിരവധി മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ക്ക് സുപരിചിതരായവരെ കളത്തിലിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിന്‍്റെ ഭാഗമായിട്ടാണ് സുരേഷ് ഗോപി, കൃഷ്ണ കുമാര്‍, വിനു മോഹന്‍, വിവേക് ഗോപന്‍ തുടങ്ങിയവരെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്.

സുരേഷ് ഗോപിയെ വിടാതെ പിടിച്ചിരിക്കുകയാണ് നേതൃത്വം. സിനിമാതിരക്കുകളുണ്ടെന്ന് പറഞ്ഞെങ്കിലും മത്സരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ബിജെപി. സാധ്യതാ പട്ടികയില്‍ ഉയര്‍ന്നു വരുന്ന മറ്റ് രണ്ട് താരങ്ങള്‍ വിനു മോഹനും കൃഷ്ണ കുമാറുമാണ്. മത്സരിക്കാനുള്ള താല്‍പ്പര്യം കൃഷ്ണ കുമാര്‍ ഇതിനോടകം പാര്‍ട്ടിയെ അറിയിച്ച്‌ കഴിഞ്ഞു. താരത്തിന് തിരുവനന്തപുരം നല്‍കുമെന്നാണ് സൂചനകള്‍.

വിനു മോഹന്‍്റെ കാര്യമാണ് അനിശ്ചിതത്വത്തില്‍. താരം ബിജെപിയിലേക്ക് വരികയാണെന്ന ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍, പ്രമുഖ താരങ്ങള്‍ ഇനിയും ബിജെപിയില്‍ വരുമെന്ന കെ സുരേന്ദ്രന്‍്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് ഇതുപോലെയുള്ള ട്വിസ്റ്റുകളാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍, കൊട്ടാരക്കരയില്‍ ചലച്ചിത്ര താരം വിനു മോഹന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും.

നാലാമത്തെയാളാണ് സീരിയല്‍ താരം വിവേക് ഗോപന്‍ ആണ്. ബിജെപിയുടെ വിജയ യാത്രയ്ക്കിടയിലാണ് വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. അംഗത്വമെടുത്തെങ്കിലും താരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിജെപിയുടെ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തിയത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് രൂപം നല്‍കുക.