അക്കാലത്ത് ശരീരത്തിലെ കുടക്കമ്പി തിരയുമാരിയുന്നു; ഇന്ദ്രന്‍സിന് ഇന്നും അതേ ശരീരമാണ് എന്നാല്‍ കഥാപാത്രങ്ങള്‍ മാറിയെന്ന് മാത്രം; വൈറല്‍ കുറിപ്പ്

എത്ര വര്‍ഷമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന ഇന്ദ്രന്‍സ് നല്ലൊരു അഭിനേതാവാണെന്ന് തിരിച്ചറിഞ്ഞിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി എടുത്തതിന് പിന്നാലെ വേറിട്ട കഥാപാത്രങ്ങളാണ് ലഭിച്ചത്. ഓരോന്നും ഒന്നിനൊന്ന് മികച്ചതെന്ന് പറഞ്ഞ് വരുന്നതിനിടയിലാണ് ഹോം എന്ന ചിത്രം റിലീസ് ചെയ്യുന്നത്.

നവാഗതനായ റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തു. വമ്പന്‍ പ്രേക്ഷകപ്രീതി നേടിയതിനൊപ്പം ഇന്ദ്രന്‍സിന്റെ കഥാപാത്രം ഏറെ ചര്‍ച്ചയാക്കി. ഇന്ദ്രന്‍സിനെ പ്രശംസിച്ച് കുമാര്‍ നീലകണ്ഠന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരുന്നു. തുടക്ക കാലത്ത് ഇന്ദ്രന്‍സിന്റെ ശരീരത്തിലെ കുടക്കമ്പി അന്വേഷിച്ച് നടന്നവരാണ് കൂടുതലെന്ന് പറയുകയാണ് കുമാര്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

കുമാര്‍ നീലക്ണഠന്‍ എഴുതിയ കുറിപ്പ്

പ്രായത്തിന്റെ പക്വത ഉണ്ടാക്കിയതാണ് ഈ മാറ്റം. ഏയ് ഒരിക്കലുമല്ല, അങ്ങനെ പ്രായത്തിന്റെ പറ്റ് പുസ്തകത്തില്‍ എഴുതി വച്ച് മറിക്കാനുള്ളതല്ല സ്‌ക്രീന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നടന്റെ/നടിയുടെ പെര്‍ഫോമന്‍സ്. പറയുന്നത് ഇന്ദ്രന്‍സിനെ കുറിച്ചു തന്നെയാണ്. സിനിമയില്‍ മുഖം കാണിച്ചു തമാശയായി ചുറ്റി തിരിഞ്ഞ കാലത്ത് ആരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന സ്വാഭാവിക നടനം എന്ന ചെരുതരിയെ. അങ്ങിനെ ഉണ്ടാകാന്‍ ചാന്‍സും ഇല്ല. കാരണം അന്ന്, എന്നു പറയുമ്പോള്‍ ഈ നടന്റെ തുടക്കകാലത്ത്, ആ ശരീരത്തിലെ കുടക്കമ്പി തപ്പി നടക്കുകയായിരുന്നു മലയാള സിനിമ. കാരണം നമ്മള്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാന്‍ ആ നടനില്‍ നിന്നും വേണ്ടത് അതായിരുന്നു. ശരീരവും ശരീര ഭാഷയും കോമഡി ഉണ്ടാക്കിയിരുന്ന കാലത്തായിരുന്നു ആളിന്റെയും ആദ്യ സ്‌ക്രീന്‍ പ്രസന്‍സ് തുടങ്ങുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ/..

കോമള ശരീരം നായകനും, ഉറച്ച ശരീരം വില്ലനും, ഇതു രണ്ടുമല്ലാത്ത, അതുകൊണ്ടു തന്നെ ഒന്നുമല്ലാത്ത ശരീരവും തമാശ നടനാണെന്നതും സിനിമ ഉള്ള കാലം മുതലുള്ള വാര്‍പ്പു മാത്രമാവുകയായിരുന്നു (അത് പൊളിച്ചവര്‍ ഒക്കെ പണ്ടും ഉണ്ടായിരുന്നു, പൊളിച്ചതൊക്കെ ഹൈലൈറ്റും ആയിരുന്നു). ഉറച്ച ശരീരങ്ങളായ ക്യാപറ്റര്‍ രാജുവും ജനാര്‍ദ്ധനനും ഭീമന്‍ രഘുവും ഒക്കെ പില്‍ക്കാലത്ത് കോമഡി ചെയ്ത് വില്ലന്‍ ശരീരത്തേയും പൊളിച്ചു. പക്ഷെ തന്റെ ശരീരവും ശാരീരവും സ്‌ക്രീനില്‍ തീര്‍ത്ത കോമഡി കെട്ടുപാടുകളില്‍ നിന്നും ഉള്ളിലെ കനലൂതി (അല്ലെങ്കില്‍, അത് തിരിച്ചറിഞ്ഞവര്‍ ആരെക്കൊയോ ഊതിപ്പുകച്ചു) പുറത്തു ചാടിച്ച നടനാണ് ഇന്ദ്രന്‍സ്.

ഇതിനു മുന്‍പ് ഭാസിയും ബഹദൂരും പപ്പുവും ജഗതിയും മാളയും പിന്നെ മാമുക്കോയയും തുടങ്ങി ചിലരൊക്കെ ഇതേ പരകായത്തിന്റെ കഥാപാത്രങ്ങളായി നമുക്ക് മുന്നിലുണ്ട്. ഏതൊക്കെയോ സംവിധായകരുടെ ഗട്ട് ഫീല്‍ ആണ് അതിനു പിന്നില്‍ കനമായുണ്ടായത്. അതിനു കാരണമായത് ഇവരൊക്കെ എതെങ്കിലും കോമഡി സിനിമയുടെ ഇടയില്‍ ഇട്ടുവച്ചു പോയ സീരിയസ് നോട്ടുകള്‍ തന്നെയാവും. പക്ഷെ ഊതിക്കത്തിക്കലുകള്‍ ഇല്ലായിരുന്നു എങ്കില്‍ അതൊക്കെ അങ്ങനെ തന്നെ അങ്ങ് കെട്ടുപോയെനെ. ആ കത്തിക്കലുകള്‍ ഒരു നടന്റെ തലവര മാറ്റല്‍ അല്ല, അയാള്‍ക്കുള്ള നീതിയാണ്.

പ്രായം ഉണ്ടാക്കിയ ചില ഇരുത്തങ്ങള്‍ ഒഴിച്ചാല്‍ ഇന്ദ്രന്‍സിന് ഇന്നും അതേ ശരീരം തന്നെയാണ്, ശബ്ദവും. പക്ഷെ ഇന്ന് അതെ കുഞ്ഞു ശരീരത്തിന്റെ അച്ചിന്റെ കൂട്ടില്‍ നിന്ന് അയാള്‍ വാര്‍ത്തിടുന്ന കഥാപാത്രങ്ങള്‍ മലയാള സിനിമയുടെ മുകള്‍ നിരയിലേയ്ക്ക് തലയെടുപ്പോടെ നടന്നു കയറുന്നുണ്ട്. അതിന്റെ പുതിയ ഉദാഹരണമാണ്, വിജയ് ബാബു നിര്‍മ്മിച്ച് റോജിന്‍ തോമസ് സവിധാനം ചെയ്ത (HOME (@Prim Video) എന്ന ചിത്രത്തിലെ ഒളിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം. ആദ്യ രംഗം മുതല്‍ ആ സിനിമയുടെ ആത്മാവ് ആ കഥാപാത്രത്തിലാണ്, നമ്മുടെ ഈ നടനിലാണ്. കൈവിടുമെന്ന് തോന്നുന്നതിനു തൊട്ട് മുന്‍പ് തന്റെ കയ്യിലേയ്ക്ക് പിടിച്ചു വച്ച് സ്വതസിദ്ധമായ ഇന്ദ്രന്‍സ് ചിരി ചിരിക്കുന്ന കഥാപാത്രം.

കുമാര്‍ നീലക്ണഠന്‍ എഴുതിയ കുറിപ്പത് അതിന്റെ പല ലെവലുകളില്‍ നമുക്ക് കാണാം. ഉള്ളില്‍ ഉണ്ടായിരുന്ന തിരി, ഒരു ഷോട്ടില്‍ എങ്കിലും ഊതിക്കത്തിച്ചവര്‍ക്കൊക്കെ നന്ദി. സത്യത്തില്‍ ആരൊക്കെയാണ് ഇന്ദ്രന്‍സിന്റെ ഈ പരകായം തുടങ്ങി വച്ചവര്‍ പപ്പു പിഷാരടി മുഴു നീളത്തില്‍ ജ്വലിച്ചു നിന്ന വിസി അഭിലാഷിന്റെ ആളൊരുക്കത്തിനും മുന്‍പ് തന്നെ നമ്മള്‍ കണ്ടിരുന്നു ചെറിയ സീനുകളിലായിട്ട് ഇങ്ങനെ ഒരു ”നടന്റെ” തിരനോട്ടം. ഒരു നടനെ തിരിച്ചറിഞ്ഞ് അയാള്‍ക്ക് കഥാപാത്രം ഒരുക്കിയവരും ചര്‍ച്ച ചെയ്യെണ്ടതാണ്, കാരണം ഇനിയും ഒരുപാടു പേര്‍ ഈ നിരയില്‍ ഒളിച്ചിരുപ്പുണ്ട്. ഇത്രയും എഴുതാന്‍ കാരണമായ വിജയ് ബാബു, റോജിന്‍ തോമസ് ടീമിനും അവരുടെ HOME നും ഒരുപാട് നന്ദി. ഇന്ദ്രന്‍സ്