യഥാർഥത്തിൽ തെറ്റ് ആരുടെ ഭാഗത്താണ് ; റാന്നിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗിക്ക് പറയാനുള്ളത്

പത്തനംതിട്ട: കേരളത്തില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇറ്റലയില്‍ നിന്നും എത്തിയ കുടുംബത്തിനെതിരെ വന്‍ രോക്ഷമാണ് ഉയര്‍ന്നത്. ഇവര്‍ രോഗം ഉണ്ടെന്ന് അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നും ആശുപത്രിയില്‍ എത്തി ചികിത്സ തേടാന്‍ തയ്യാറായില്ല എന്നും ആയിരുന്നു ഉയര്‍ന്ന ആരോപണങ്ങള്‍. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് വ്യക്തമാക്കിയിരിക്കുകയാണ് കോവിഡ് 19 പിടിപെട്ട റാന്നി സ്വദേശി. ഞങ്ങള്‍ ഒന്നും മറച്ചുവെച്ചിട്ടില്ല., വിമാനം കയറുമ്പോള്‍ കൊറോണ ഇല്ലായിരുന്നു.. പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ളത് വെറും ആരോപണങ്ങള്‍ മാത്രമാണ്. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ‘പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടില്‍ എത്തിയതാണ്, വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയതു സ്വന്തം സഹോദരിയും അവളുടെ 4 വയസ്സുള്ള മകളുമാണ്. രോഗം അറിയാമെങ്കില്‍ ഞങ്ങള്‍ ആ കുഞ്ഞിനെ എടുക്കുമോ? അവള്‍ക്ക് ഉമ്മ കൊടുക്കുമോ?

ഇറ്റലിയില്‍ നിന്നാണെന്നു പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആവശ്യപ്പെട്ടില്ല. കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. വിടെനിന്നാണു വരുന്നതെന്നു പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. നാട്ടിലെത്തിയ ശേഷം പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങളും കുടുംബം നിഷേധിച്ചു. അമ്മയ്ക്ക് ആകെയുണ്ടായ പ്രയാസം രക്ത സമ്മര്‍ദംകൂടിയതാണ്. അതിനാണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നാട്ടിലെത്തിയാല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആരും നിര്‍ദേശിച്ചുമില്ല.- രോഗി പറഞ്ഞു.

അതേസമയം കോവിഡ് 19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആണ് ഇന്ന് അവധി. കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, അങ്കണവാടി തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കളക്ടര്‍ പി കെ സുധീര്‍ ബാബു ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി ബോര്‍ഡ് പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല. പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസം സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ബോര്‍ഡ് പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചത് പോലെ നടക്കും. മതിയായ മുന്‍കരുതല്‍ പരീക്ഷകള്‍ക്ക് ഉറപ്പാക്കും.

പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 150 പേരെ തിരിച്ചറിഞ്ഞ് എന്ന് ആരോഗ്യമന്ത്രി കെ കേ ശൈലജ പറഞ്ഞു. ഇതില്‍ 58 പേര് വളരെ അടുത്ത് ഇടപെഴകിയവര്‍ ആണ്. ഇനിയും കൂടുതല്‍ പേരെ കണ്ടെത്താനും ഉണ്ട്. ഇറ്റലിയില്‍ നിന്നും എത്തിയ മൂന്ന് പേരിലും ഇവരുടെ അടുത്ത രണ്ട് ബന്ധുക്കളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ആരോഗ്യ മന്ത്രി കെ കെ ശൈലജ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് പുതിയ കേസുകളെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇവരെ പ്രവേശിപ്പിച്ചു എന്നും മന്ത്രി പറഞ്ഞു.