പിണറായി വിഴിഞ്ഞത്ത് തോറ്റെന്ന് രോഷത്തോടെ ഗവര്‍ണ്ണര്‍

വിഴിഞ്ഞത്തെ ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിനെവിടെ സമയം, അവരുടെ ശ്രദ്ധ മുഴുവന്‍ സര്‍വകലാശാലകളിലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളില്‍ മാത്രം ശ്രദ്ധിക്കുമ്പോള്‍ വേണ്ടപ്പെട്ടവരെ അവിടെ തിരുകി കയറ്റാനാകും. അതാണ് അങ്ങോട്ടേക്ക് കണ്ണെന്നും ഗവര്‍ണ്ണര്‍ പരിഹസിച്ചു. വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് രോഷത്തോടെ മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാലയിലെ നിയമനത്തിനുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് പോകുന്നത്. സര്‍വകലാശാലകളുടെ നാഥനായ ചാന്‍സലറെ അറിയിക്കാതെയാണ് നിയമനങ്ങള്‍. വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ കോടതിയുടെ നിര്‍ദേശം അനുസരിച്ച് ഉടന്‍ ആരംഭിക്കും. അക്കാദമിക മികവ് നിലനിര്‍ത്താന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരായിരിക്കണം വൈസ് ചാന്‍സലര്‍മാര്‍. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ ഉണ്ടാകരുത്. വൈസ് ചാന്‍സലര്‍മാരുടെമേല്‍ ഇടപെടലുകളൊന്നും ഉണ്ടാകാതെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി പുറത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാകണം. കേരളത്തിന്റെ അക്കാദമിക പാരമ്പര്യം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടും. കടബാധ്യതയിലുള്ള കേരളത്തിലാണ് ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിനായി 45 ലക്ഷം രൂപ ചെലവാക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ ആ നിയമോപദേശം ഉപയോഗിച്ചോ എന്നുപോലും അറിയില്ല. 45 ലക്ഷം നിയമോപദേശത്തിനായി ചെലവാക്കിയാല്‍ സര്‍ക്കാരാണ് കോടതിയില്‍ പോകേണ്ടത്. സര്‍ക്കാര്‍ കോടതിയില്‍ പോകാതെ സാധാരണക്കാരെ കൊണ്ട് പൊതുതാല്‍പര്യ ഹര്‍ജി കൊടുക്കുകയാണ്.

സര്‍വകലാശാലകളില്‍ യുജിസി നിയമങ്ങള്‍ക്കു വിരുദ്ധമായി സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാകില്ല. അതാണ് ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയത്. പഴ്‌സനല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം മാത്രമല്ല പ്രശ്‌നമെന്ന് ഗവര്‍ണര്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഏഴു പേരാണ് തന്റെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്നത്. ഇവിടെ മന്ത്രിമാര്‍ക്ക് 25 പഴ്‌സനല്‍ സ്റ്റാഫുണ്ട്. അവര്‍ക്ക് പെന്‍ഷനും ലഭിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തില്‍ കാലുകുത്തി തൊട്ടുപിന്നാലെ പിണറായി സര്‍ക്കാരിനെ എടുത്ത് പഞ്ഞിക്കിടുകായായിരുന്നു ഗവര്‍ണ്ണര്‍. മാത്രമല്ല ഗവര്‍ണ്ണര്‍ തിരികെയെത്തിയ ദിവസം തന്നെ സര്‍ക്കാരിനും സിപിഎമമ്ിനും കോടതിയില്‍ നിന്ന് ഒരു പണിയും കിട്ടി. യതൊരു കണക്കുകളില്ലാതെ ആളുകളെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ല. നിയമനത്തില്‍ പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനത്തിലും പെന്‍ഷന്‍ നല്‍കുന്നതിലും ഗവര്‍ണ്ണര്‍ മുന്‍പേ എഥിര്‍പ്പ് ഉന്നയിച്ചിരുന്നതാണ്.

ഇപ്പോള്‍ കൊച്ചിയിലെ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് നല്‍കിയ ഹരജിയാണ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണം. അത് ഗവര്‍ണ്ണര്‍ തിരികെ വന്ന ദിവസം തന്നെ ആയത് സര്‍ക്കാരിന് ക്ഷീണമായിപ്പോയി. പേഴ്സണല്‍ സ്റ്റാഫിന്റെ നിയമനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. എന്നാല്‍ ഇതിന് നിയന്ത്രണം കൊണ്ടുവരണം. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം ഈ പരിധി ബാധകമാക്കണം. നിയമനം സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനം കൈക്കൊള്ളാം. നിരവധി ആളുകളെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.