മെഗാസ്റ്റാർ മമ്മൂട്ടിയും ഭാര്യ സുൽഫിത്തും ഹോളി ഡേ ആഘോഷിക്കാൻ ആസ്‌ട്രേലിയയിൽ

സിഡ്‌നി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അവധിക്കാലം ആഘോഷിക്കാൻ ആസ്‌ട്രേലിയയിൽ എത്തി. പത്നി സുൽഫിത്തിനും സുഹൃത്ത് രാജശേഖരനുമൊപ്പമാണ് മമ്മൂട്ടി ഹൃസ്വ സന്ദർശനത്തിനായി ആസ്‌ട്രേലിയയിൽ എത്തിയിരിക്കുന്നത്. മിക്കവാറും യൂറോപ്യൻ രാജ്യങ്ങളും,ഗൾഫ് രാജ്യങ്ങളും, ഏഷ്യൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള മെഗാസ്റ്റാർ ആദ്യമായാണ് വൻകരയായ ആസ്‌ട്രേലിയ സന്ദർശിക്കുന്നത്.

ആസ്‌ട്രേലിയയിൽ തികച്ചും സ്വകാര്യ സന്ദർശനമായിട്ടാണ് മെഗാസ്റ്റാർ എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അദ്ദേഹം സിങ്കപ്പൂരിൽനിന്നും സിഡ്‌നിയിലേക്കാണ് എത്തിയത്. ഫാമിലി കണക്ട് കോർഡിനേറ്റർ കിരൺ ജെയിംസ് അദ്ദേഹത്തെ സിഡ്‌നി എയർ പോർട്ടിൽ സ്വീകരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ പി ആർ ഒ യും ഗോൾഡ് കോസ്റ്റിലെ സ്ഥിരതാമസക്കാരനുമായ റോബർട്ട് കുര്യാക്കോസ് ആണ് അദ്ദേഹത്തിന്റെ ആസ്‌ട്രേലിയൻ പര്യടനം ഏകോപിപ്പിക്കുന്നത്.

സിഡ്‌നിക്ക് പുറമെ മെൽബൺ, ടാസ്മാനിയ, അഡലൈഡ്, ബ്രിസ്‌ബെയിൻ, എന്നിവിടങ്ങൾ മമ്മുട്ടി സന്ദർശിക്കുമെന്നാണ് വിവരം. ഇവിടങ്ങൾ ബന്ധിപ്പിക്കുന്ന റോഡ് ട്രിപ്പുകൾക്കാണ് മെഗാസ്റ്റാർ മുൻഗണന നൽകുന്നത്.