യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ലോക രാജ്യങ്ങളെ വീണ്ടും ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബാലി: യുക്രെയ്‌നിൽ വെടിനിർത്തൽ നടപ്പിലാക്കി നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം ലോക രാജ്യങ്ങളെ വീണ്ടും ഓർമ്മിപ്പിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ,രണ്ടാം ലോകമഹായുദ്ധം ലോകത്ത് നാശം വിതച്ചു. അതിന് ശേഷം അന്നത്തെ നേതാക്കൾ സമാധാനത്തിന്റെ പാത സ്വീകരിക്കാൻ തീവ്രശ്രമം നടത്തി. ഇനി നമ്മുടെ ഊഴമാണ് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.സമാധാനവും ഐക്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ എല്ലാവരും ഒരുപോലെ ദൃഢനിശ്ചയം കാണിക്കണം. ബുദ്ധന്റെയും ഗാന്ധിയുടെയും പുണ്യഭൂമിയായ ഭാരതത്തിൽ ജി-20 യോഗം ചേരുമ്പോൾ, ലോകത്തിന് ശക്തമായ സമാധാന സന്ദേശം നൽകാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി

രാജ്യത്തെ ഭക്ഷ്യസുരക്ഷയ്‌ക്കായി, ഞങ്ങൾ പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കുകയും മില്ലറ്റ് പോലുള്ള പോഷകസമൃദ്ധവും പരമ്പരാഗതവുമായ ഭക്ഷ്യധാന്യങ്ങൾ വീണ്ടും ജനപ്രിയമാക്കുകയും ചെയ്യുന്നു. ആഗോള പോഷകാഹാരക്കുറവും വിശപ്പും പരിഹരിക്കാനും മില്ലറ്റുകൾക്ക് കഴിയും. അടുത്ത വർഷം നാമെല്ലാവരും അന്താരാഷ്‌ട്ര മില്ലറ്റ് വർഷം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നത്തെ രാസവള ക്ഷാമം നാളത്തെ ഭക്ഷ്യപ്രതിസന്ധിയാണ്. വളം, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെ വിതരണ ശൃംഖല സുസ്ഥിരമായി നിലനിർത്താൻ നമ്മൾ പരസ്പര ഉടമ്പടി ഉണ്ടാക്കണം.2030 ആകുമ്പോഴേക്കും നമ്മുടെ വൈദ്യുതിയുടെ പകുതിയും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.