സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാൻ ശുപാർശ

സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാൻ തീരുമാനം. ഗാർഹിക ഉപഭോക്താക്കൾക്ക് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കാനാണ് ജല അതോറിറ്റിയുടെ നിർദേശം. ഗാർഹികേതര, വ്യവസായ കണക‍്ഷനുകൾക്കും നിരക്കു വർധിപ്പിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വർധന അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു നൽകിയ ശുപാർശയിൽ പറയുന്നു. അതേസമയം, സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

റവന്യു കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സേവന നിരക്കുകളിൽ മിതമായ വർധന വരുത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പിന്നാലെ മാർച്ച് 23 ന് ധനവകുപ്പ്, ജല അതോറിറ്റി എംഡി എസ്.വെങ്കി‍ടേസപതിക്കു കത്തെഴുതി. തുടർന്നാണ് ജലഅതോറിറ്റി മാനേജ്മെന്റ് യോഗം ചേർന്ന് സർക്കാരിനു ശുപാർശ നൽകിയത്.

1000 ലീറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് 23 രൂപയാണ് ജല അതോറിറ്റിക്കു ചെലവാകുന്നത്. എന്നാൽ, ഉപഭോക്താക്കളിൽനിന്നു ലഭിക്കുന്ന ശരാശരി വരുമാനം 11 രൂപ മാത്രം.

വ്യവസായ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അതോറിറ്റിയുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളിലേക്ക് കെ എസ്ഇബി വൈദ്യുതി നൽകുന്നത്. ‌ഇതുപ്രകാരം കുടിശിക ഇനത്തിൽ 1016 കോടി രൂപയാണ് ജല അതോറിറ്റി, കെ എസ്ഇബിക്കു നൽകാനുള്ളത്.

2050 കോടി രൂപ ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുണ്ട്. ഇതിൽ 1387 കോടി രൂപയും വിവിധ സർക്കാർ വകുപ്പുകളു‍ടേതാണ്. ഒരു മാസം 50 – 55 കോടി രൂപയാണ് വരുമാനമായി ലഭിക്കുന്നത്. ശമ്പളം, പെൻഷൻ ഇനത്തിൽ 32, 24 കോടി രൂപ വീതം വേണം.