യമുന നദി കരകവിഞ്ഞു, ഡൽഹിയിൽ സൈറണുകൾ മുഴങ്ങി, 44 വർഷത്തിന് ശേഷമുള്ള റെക്കോഡ് ജലനിരപ്പ്

യമുനാ നദി കരകവിഞ്ഞു. ഈ നൂറ്റാണ്ടിലേയും സമീപ കാലത്തേയും റെക്കോഡ് വെള്ളപ്പൊക്കം ദില്ലി നഗരത്തേ ഭീതിയിലാക്കി. കഴിഞ്ഞ രണ്ട് ദിവസമായി യമുനാ നദിയിൽ ജലം ഉയരുകയാണ്‌. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കാൻ തുടങ്ങി. 1978-ൽ 207.49 മീറ്ററിലെ ഏറ്റവും ഉയർന്ന ജല നിരപ്പ് റെക്കോഡ് മറികടന്ന് കഴിഞ്ഞ രാത്രി രാത്രി 9 മണിക്ക് നദി 207.95 മീറ്ററിൽ ഒഴുകുകയായിരുന്നു. തുടർന്ന് ദില്ലിയുടെ പല ഭാഗത്തും അലാറം മണി മുഴക്കി. വ്യാഴാഴ്ച രാവിലെ 8 നും 10 നും ഇടയിൽ ജലനിരപ്പ് 208 മീറ്ററിൽ കൂടുതലാകുമെന്നും മുന്നറിയിപ്പുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലേക്കും കോളനികളിലേക്കും മാർക്കറ്റുകളിലേക്കും വെള്ളം കയറിയതോടെ 16,564 പേരെ അധികൃതർ ഒഴിപ്പിച്ചു. ഇവരിൽ 14,534 പേർ ഡൽഹി സർക്കാർ പടുത്തുയർത്തിയ ടെന്റുകളിലും ഫ്‌ളൈ ഓവറുകളിലും അഭയം പ്രാപിച്ചു. വൈകുന്നേരത്തോടെ വിശ്വകർമ കോളനിയിൽ ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനം നടത്തേണ്ടിവന്നു.

നോയിഡ-ലിങ്ക് റോഡിലെ ഡൽഹി സെക്ഷനിലെ എല്ലാ ഫ്‌ളൈഓവറുകളും ഐടിഒ വരെയുള്ള സർവീസ് പാതകളും ആളുകളും അവരുടെ കന്നുകാലികളും കൊണ്ട് നിറഞ്ഞു. വെള്ളത്തിൽ നിന്നും രക്ഷ തേടി ജനങ്ങളും മൃഗങ്ങളും ആകാശ പാതകളിൽ അഭയം തോടുകയായിരുന്നു. അരയോളം വെള്ളമുള്ളതിനാൽ വൈകുന്നേരം 6 മണിയോടെ ശവസംസ്‌കാരം നിർത്തിവച്ചിരുന്നു