വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ, പാതി തിന്ന നിലയിൽ ആടിന്റെ ജ‍ഡം കണ്ടെത്തി

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി വീണ്ടും കടുവ ഭീതിയിൽ. സുരഭിക്കവലയില്‍ പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് ആടിന്റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കാല്‍പ്പാടുകള്‍ നോക്കി കടുവയാണോ എന്ന് ഉറപ്പിക്കാനുള്ള പരിശോധനയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

കഴിഞ്ഞയാഴ്ച പ്രദേശത്ത് നിന്ന് ഒരു പശുക്കിടാവിനെ കടുവ പിടികൂടിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാലഞ്ച് വളര്‍ത്തുമൃഗങ്ങളെ കടുവ പിടിച്ചിട്ടുണ്ട്.