വിവാഹമോചനത്തിന് ശേഷം ചിലവിനു പോലും കാശില്ലാതെ മക്കളെ വളർത്താൻ ആശ ഭോസ്‌ലേ അനുഭവിച്ചത്!

ലതാ മങ്കേഷ്കർ – ആശാ ഭോസ്‌ലേ സഹോദരിമാർ ഇന്ത്യൻ സംഗീത രംഗത്തെ നിത്യവിസ്മയങ്ങളാണ്. ലതാ മങ്കേഷ്കറിന്റെ തണലിൽ ഒതുങ്ങാതെ സംഗീത ലോകത്ത് തന്റേതായൊരു പാത വെട്ടിത്തെളിക്കുകയായിരുന്നു ആശാ ഭോസ്‌ലേ. ആശാ ഭോസ്‌ലേ ഇന്ന് എൺപത്തിയൊമ്പതിന്റെ നിറവിൽ എത്തിനിൽക്കുകയാണ്.

ഇന്ത്യൻ സംഗീത ലോകത്തെ ഏഴ് പതിറ്റാണ്ടുകളായി വിസ്മയിപ്പിക്കുന്ന ഈ നിത്യഹരിത ഗായിക, 20 ഭാഷകളിലായി 11000 പാട്ടുകൾ പാടി ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിരിക്കുകയാണ്. നാടന്‍ പാട്ടുകള്‍, പോപ്, ഖവാലി, ഗസല്‍, ഭജന, ക്ലാസിക്കല്‍ സംഗീതം,തുടങ്ങിയവയെല്ലാം അനായാസേന കൈകാര്യം ചെയ്യാൻ കഴിവുള്ള ആശ ഭോ‌സ്‌ലേ ലോകത്തില്‍ ഏറ്റവുമധികം ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗായികയാണ്. ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി ആശാ ഭോ‌സ്‌ലേയാണ് എന്നതും ശ്രദ്ധേയം.

2000ല്‍ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നല്‍കി രാജ്യം ഈ മെലഡി റാണിയെ ആദരിച്ചിരുന്നു. 1977 ൽ പുറത്തിറങ്ങിയ സുജാത എന്ന മലയാള ചിത്രത്തിൽ പാടിയ ഒരു ഗാനമാണ് ആശാ ഭോസ്‌ലേ മലയാളത്തിൽ ആകെ പാടിയിട്ടുണ്ട്.

മാങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് രവീന്ദ്ര ജെയിന്‍ സംഗീതം പകർന്ന ‘സ്വയംവര ശുഭദിന മംഗളങ്ങള്‍, അനുമോദനത്തിന്റെ ആശംസകള്‍…’ എന്നതാണ്ആശാ ഭോസ്‌ലേ പാടിയ ഏക മലയാള ഗാനം. രവീന്ദ്ര ജെയിനുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഈ മലയാളം ഗാനം ആശാ ഭോസ്‌ലേ അന്ന് പാടുന്നത്.

ജീവിതത്തിൽ ഒട്ടനവധി കടമ്പകളും പ്രതിബദ്ധങ്ങളും മറികടന്നാണ് ഇന്ന് കാണുന്ന പ്രശസ്തി ആശയിൽ എത്തുന്നത്. ആർ.ഡി ബർമ്മനെ വിവാഹം ചെയ്യും മുമ്പ് ആശ വളരെ ചെറുപ്പത്തിൽ തന്നെ ഗണപതിറാവു ഭോസ്ലെയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിൽ മൂന്ന് കുട്ടികൾ ആശക്കുണ്ട്. ആദ്യത്തെ വിവാഹത്തിന് ശേഷം ആശ രാവും പകലും തന്റെ വീട്ടിലും സ്റ്റുഡിയോകളിലും ഓടി നടന്നു ജോലി ചെയ്യുകയായിരുന്നു.

ആശയുടെ ഭർത്താവിന് അക്കാലത്ത് വെറും 100 രൂപയായിരുന്നു പ്രതിമാസ വരുമാനം. ആ തുകവെച്ച് കുടുംബത്തെ ചിലവുകൾ മുന്നോട്ട് കൊണ്ടുപോവുക സാധ്യമല്ലെന്ന് മനസിലായതോടെയാണ് വിവാഹശേഷം അതികഠിനമായി വിശ്രമമില്ലാതെ ജോലി ചെയ്യാൻ ആശ തയ്യാറാവുന്നത്. അന്നത്തെ സാഹചര്യത്തിൽ വീട്ടുചെലവുകൾ നോക്കാൻ വരുമാനം കണ്ടെത്താൻ ആശ തീരുമാനിക്കുക യായിരുന്നു. തുടർന്ന് ഭർത്താവുമായി ചില പ്രശ്നങ്ങൾ ഉണ്ടായതോടെ 1960ൽ ആശ ആദ്യ ഭർത്താവ് ​ഗണപതിറാവുവിൽ നിന്ന് വേർപിരിയുകയായിരുന്നു. തുടർന്ന് ഗണപതിറാവു1966ൽ അന്തരിച്ചു. വിവാഹമോചനത്തിന് ശേഷം സിം​ഗിൾ മദറായി നിന്നാണ് ആശ മൂന്ന് മക്കളേയും വളർത്തുന്നത്.

‘മുംബൈയിൽ നിന്ന് മാറി ഉള്ളിലാണ്താമസിച്ചിരുന്നത്. എല്ലാ ദിവസവും നഗരത്തിലേക്ക് വരാൻ ട്രെയിനിൽ യാത്ര ചെയ്യണമായിരുന്നു. 1949ൽ മകൻ ഹേമന്ത് പിറന്നശേഷം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മായിയമ്മക്കൊപ്പമാക്കി ഉപജീവനത്തിനായി പണം കണ്ടെത്താൻ ജോലിക്ക് പോയിരുന്നു.’ ‘ രാവിലെ 5 മണിക്ക് എഴുന്നേൽക്കും. വീട്ടുജോലികൾ എല്ലാം ചെയ്യും. തുടർന്ന് ജോലിക്കായി മുംബൈയിലേക്ക് പോകും. ഇത് തന്നെയായിരുന്നു കുറെ നാൾ എന്റെ സ്ഥിരം ദിനചര്യ’ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പഴയ കാലത്തെ കുറിച്ച് ആശ പറഞ്ഞിട്ടുണ്ട്.

പത്താം വയസിൽ മറാത്തി ഫിലിം മജ്ഹ ബാൽ എന്ന ചിത്രത്തിൽ പാടി കൊണ്ടാണ് ആശ ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നു വരുന്നത്. 1948 ൽ ചുനരിയയിലെ സാവൻ ആയാ.. എന്ന പാട്ട് പാടി ഹിന്ദിയിൽ പിന്നീട് ആശ അരങ്ങേറ്റം കുറിച്ചു. ആശ ബോളിവുഡിലേക്ക് വന്നപ്പോഴേക്കും സഹോദരിയായ ലതാ മങ്കേഷ്കർ സംഗീത ലോകത്ത് തന്റേതായൊരു ഇരിപ്പിടം സ്വന്തമാക്കിയിരുന്നു. ലതാ മങ്കേഷ്കറെ പോലെ പാടാനോ അനുകരിക്കാനോ ശ്രമിക്കാതെ സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കാനാണ് ആശാ ഭോസ്‌ലേ എപ്പോഴും ശ്രമിച്ചിരുന്നത്.