റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്- രാഷ്ട്രപതി

ന്യൂഡൽഹി. റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ.

സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത്. ആത്മനിർഭർ ഭാരത് പദ്ധതി ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണുണ്ടാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു. ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി20 അധ്യക്ഷത പദവിയിലൂടെ ലഭിച്ചത്.

ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതൽ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയർത്താൻ സാധിക്കും. ലോകത്തിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും ജിഡിപിയുടെ 85 ശതമാനവും ജി 20 രാജ്യങ്ങളിലാണ്. ആഗോള വെല്ലുവിളികൾ നേരിടുന്നതിനുള്ള മികച്ച വേദി കൂടിയാണ്. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമാണ് ജി 20യിൽ കൂടുതൽ ഊന്നൽ നൽകേണ്ടത്.