ചോദ്യം ചെയ്യലിനിടെ കേജ്‌രിവാൾ രണ്ട് എഎപി മന്ത്രിമാരുടെ പേരു പറഞ്ഞു, ഇ.ഡിയുടെ വെളുപ്പെടുത്തലിൽ കുടുങ്ങി അതിഷിയും, സൗരഭ് ഭരദ്വാജും

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ അരവിന്ദ് കേജ്‌രിവാൾ ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകൾ പറഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ​ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരായത്.

വിജയ് നായർ താനുമായല്ല മന്ത്രിമാരായ അതിഷിയുമായും സൗരവ് ഭരദ്വാജുമായുമാണ് ബന്ധപ്പെട്ടിരുന്നതെന്ന് കെജ്രിവാൾ പറഞ്ഞുവെന്നും മൊബൈൽ ഫോണിന്റെ പാസ്​ വേഡ് പറഞ്ഞുതന്നില്ലെന്നും എസ്.വി. രാജു വാദിച്ചു. ഇ.ഡി വെളിപ്പെടുത്തലിനു പിന്നാലെ എഎപിക്കെതിരായ ആക്രമണം കടുപ്പിച്ച് ബിജെപി. എഎപിയുടെ മുൻ കമ്മ്യൂണിക്കേഷൻ ഇൻ ചാർജായിരുന്ന വിജയ് നായർ മദ്യനയക്കേസില്‍ നേരത്തെ അറസ്റ്റിലായി നിലവിൽ ജയിലിലാണ്. 100 കോടിയുടെ അഴിമതി നടത്താൻ സൗത്ത് ഗ്രൂപ്പും എഎപി സർക്കാരും തമ്മിലുള്ള ഇടനിലക്കാരനായി വിജയ് നായർ പ്രവർത്തിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

വാദം നടക്കുമ്പോൾ എ.എ.പി മന്ത്രിമാരാരായ അതിഷി, സൗരഭ് ഭരദ്വാജ്, അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത എന്നിവാൾ കോടതിയിലുണ്ടായിരുന്നു.

മുതിർന്ന എഎപി നേതാക്കളായ സത്യേന്ദർ ജയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. തിങ്കളാഴ്ച റൗസ് അവന്യൂ കോടതി കേജ്‌രിവാളിനെ ഈ മാസം 15 വരെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ കേജ്‌രിവാൾ നിസ്സഹകരിക്കുകയായിരുന്നുവെന്ന് ഇ.ഡി വാദത്തിനിടെ കോടതിയെ അറിയിച്ചു.