ആലപ്പുഴയിൽ പോസ്റ്റോഫീസ് അക്കൗണ്ടിൽ 21 ലക്ഷത്തിന്റെ തിരിമറി നടത്തിയ വനിതാ പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

ആലപ്പുഴ. വനിതാ പോസ്റ്റ് മാസ്റ്ററെ പോസ്‌റ്റോഫീസ് അക്കൗണ്ടില്‍ നിന്നും 21 ലക്ഷം രൂപയുടെ തിരുമറി നടത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മാരാരിക്കുളം വടക്ക് പോസ്‌റ്റോഫീസിലെ ബ്രാഞ്ച് പോസ്റ്റുമാസ്റ്റര്‍ പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡ് പാമ്പുംതറയില്‍ വീട്ടില്‍ അമിതാനാഥിനെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.

അമിതാനാഥ് നിക്ഷേപകര്‍ക്ക് വ്യാജ അക്കൗണ്ട് നമ്പരുകള്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയും പണം അക്കൗണ്ടില്‍ ഇട്ടിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. മാരാരിക്കുളം വടക്ക് പോസ്‌റ്റോ ഓഫിസില്‍ വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വര്‍ഷത്തേക്കും അഞ്ചുവര്‍ഷത്തേക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്.

പോസ്‌റ്റോഓഫീസില്‍ പണം നിക്ഷേപിക്കുന്ന ആര്‍ഐടിസി മെഷീന്‍ വഴി പണം അയയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തി ഓഫിസ് സീല്‍ പതിച്ചാണ് തട്ടിപ്പ് നടത്തിയത്. വിഷയത്തില്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പുകാരി പിടിയിലായത്. തട്ടിപ്പിനെതിരെ ആദ്യം പരാതി ഉണ്ടായപ്പോള്‍ തട്ടിയെടുത്ത പണം തിരികെ നല്‍കി പ്രശ്‌നം പരിഹരിച്ചു. മാരാരിക്കുളം പോലീസ് സ്‌റ്റേഷനില്‍ നിലവില്‍ അമിതാനാഥിനെതിരെ രണ്ട് കേസുകള്‍ രജിസ്ട്രര്‍ ചെയിതിട്ടുണ്ട്.

അതേസമയം പോലീസ് വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുക. പ്രതിയെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്ക് മാറ്റി.