യാത്രക്കാര്‍ കൂടുതലെന്ന് പറഞ്ഞ് ദീര്‍ഘദൂര ബസ് നാട്ടുകാര്‍ തടഞ്ഞു, റോഡില്‍ ഇറങ്ങി കിടന്ന് സ്ത്രീയുടെ പ്രതിഷേധം

പൂത്തോട്ട. കോവിഡും ലോക്ക്ഡൗണും നിലവില്‍ വന്നതോടെ ബസ് സര്‍വീസുകളും നിലച്ചിരുന്നു. ഇതിനിടെ ഇളവുകള്‍ നിലവില്‍ വന്നപ്പോള്‍ പല ബസുകള്‍ ഓടി തുടങ്ങിയിരുന്നു. എന്നാല്‍ നഷ്ടത്തെ തുടര്‍ന്ന് പലതും സര്‍വീസ് നിര്‍ത്തി. ഇതിനിടെ കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയതിന് ദീര്‍ഘദൂര ബസ് നാട്ടുകാര്‍ തടഞ്ഞത് വലിയ തര്‍ക്കത്തിന് കാരണമായി.

കോവിഡ് മൂലം അനേകായിരങ്ങൾ കേരളത്തിൽ ദിനം പ്രതി നരകിക്കുന്നു. സമൂഹ വ്യാപനം തുടങ്ങി. ഈ സമയത്താണ്‌ ബസ് സർവീസുകൾ പോലും മനുഷ്യ ജീവനു ഭീഷണിയായി കോവിഡ് നിയമം ലംഘിച്ച് സർവീസ് നടത്തുന്നത്.

ബസ് തടഞ്ഞതോടെ നാട്ടുകാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം കലശലായതോടെ യാത്രക്കാരി ഇറങ്ങി റോഡില്‍ കിടന്നു. ഇതോടെ നാടകീയ സംഭവങ്ങള്‍ക്ക് പൂത്തോട്ട വേദിയായി. ഇന്നലെ രാവിലെ വൈക്കം- എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസാണ് നാട്ടുകാര്‍ തടഞ്ഞത്. പുത്തന്‍കാവില്‍ ബസ് എത്തിയപ്പോള്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ ബസ് തടഞ്ഞത്.

പോലീസ് എത്തിയ ശേഷമേ ബസ് വിടൂ എന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ തങ്ങള്‍ക്ക് യാത്ര ചെയ്യാനായില്ലെങ്കില്‍ ആരും യാത്ര ചെയ്യെണ്ടെന്ന് പറഞ്ഞ് ബസിലെ യാത്രക്കാരില്‍ ചിലര്‍ റോഡിലിറങ്ങി നിരത്തില്‍ ഓടിയിരുന്ന മറ്റ് വാഹനങ്ങളും തടഞ്ഞു. ഇതിനിടെ ബസില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരി റോഡിന് വട്ടം കിടക്കുകയായിരുന്നു.

ഒടുവില്‍ പോലീസ് സ്ഥലത്തെത്തി. ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ കഴിയുന്നത്ര ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ച് യാത്ര തുടരാന്‍ അനുവദിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

അതേസമയം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍ദേശിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയതിന് ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ ഉദയംപേരൂര്‍ പോലീസ് കേസെടുത്തു. മാത്രമല്ല വണ്ടിയുടെ ഉടമയ്ക്ക് എതിരെ നടപടി എടുക്കാന്‍ ആര്‍ടിഎ ബോര്‍ഡിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒ ബി ഷെഫീഖ് അറിയിച്ചു. അടുത്ത ദിവസം മുതല്‍ എല്ലാ ബസുകളിലും പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.