വീണ്ടും പ്രളയ ഭീതി, സംസ്ഥാനത്ത് ശക്തമായ മഴ, ഒരു മരണം, പലയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്നത് പ്രളയ ഭീഷണി ഉയര്‍ത്തുന്നു. വിവിധ ഇടങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായി. ഇടുക്കിയില്‍ പീരുമേട്ടിലും, മേലെ ചിന്നാറിലും ഉരുള്‍പൊട്ടി. പീരുമേട്ടില്‍ തന്നെ മൂന്നിടത്താണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. കോഴിക്കോട് വിലങ്ങാട് മലയിലും ഉരുള്‍ പൊട്ടലുണ്ടായി. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. ഏലൂരിലുള്ള 32 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മ#തദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന അനീഷ് എന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ ഇപ്പോഴും വ്യാപകമായി കനത്ത മഴയാണ് പെയ്യുന്നത്. മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഇടുക്കി ജില്ലയില്‍ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ നെടുങ്കണ്ടം കല്ലാര്‍ ഡാം തുറന്നു.

ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളം കയറി. നിലമ്പൂര്‍- ഗൂഡല്ലൂര്‍ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇന്ന് മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ വടക്കോട്ട് കാസര്‍കോട് വരെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയുണ്ടാകും. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.