ലോകത്ത് ആദ്യമായി ഗര്‍ഭസ്ഥ ശിശുവിന്റെ തല തുറന്ന് അപൂർവ ശസ്ത്രക്രിയ

ലോകത്ത് ആദ്യമായി ഗര്‍ഭസ്ഥ ശിശുവിന്റെ തല തുറന്ന് അപൂർവ ശസ്ത്രക്രിയ നടത്തി ശാസ്ത്ര ലോകം. അമേരിക്കയില്‍ ആണ് അപൂര്‍വ്വ ശസ്ത്രക്രിയ. രക്തക്കുഴലുകളിലെ തകരാര്‍ പരിഹരിക്കുന്നതിനായിറ്റായിരുന്നു ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തുന്നത്. കുട്ടികൾക്കായുള്ള ബോസ്റ്റണിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. തലച്ചോറിന് ഉണ്ടാവുന്ന തകരാറാണ് കുട്ടിയെ ബാധിച്ചത്.

പരിശോധനയിലാണ് അപൂര്‍വ്വ രോഗം കണ്ടെത്തുന്നത്. തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന കുഴല്‍ ശരിയായ രീതിയില്‍ വളര്‍ച്ചയെത്താത്തതായിരുന്നു രോഗാവസ്ഥ. രക്തക്കുഴലുകള്‍ക്ക് അമിതമായ സമ്മര്‍ദ്ദം ചെലുത്തുന്ന ഈ രോഗാവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ശസ്ത്രക്രിയ നടത്തുന്നത്.

കുട്ടി ജനിച്ച് കഴിഞ്ഞാല്‍ തലച്ചോറിന് ക്ഷതമേല്‍ക്കാനും ഹൃദയത്തിന് തകരാര്‍ സംഭവിക്കാനും സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇത്തരം രോഗാവസ്ഥയില്‍ ജനിക്കുന്ന കുട്ടികള്‍ മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. 40 ശതമാനമാണ് മരണനിരക്ക്. അതിജീവിക്കുന്ന കുട്ടികള്‍ക്ക് ഞരമ്പുസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലായിരിക്കും.

ചിന്താശേഷിയില്‍ കുറവ് ഉണ്ടാവുക അടക്കം നിരവധി മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഈ രോഗം ഇടയാക്കും. ഇത് മുന്‍കൂട്ടി കണ്ട് ഗര്‍ഭധാരണത്തിന്റെ 34-ാമത്തെ ആഴ്ചയിലാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. അള്‍ട്രാസൗണ്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. രക്തയോട്ടം തടഞ്ഞ് സാധാരണനിലയിലാക്കുന്നതിന് നേരിയ കോയില്‍ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുന്ന തരത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്.