തുലാവര്‍ഷം ശക്തിപ്പെടുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷം ശക്തമാകുന്നതും ചക്രവാതച്ചുഴിയുടെ പ്രഭാവവുമാണ് മഴ കനക്കാന്‍ കാരണം. ഈ സാഹചര്യത്തില്‍ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോടും കണ്ണൂരും ഒഴികെയുള്ള തിരുവനന്തപുരം മുതല്‍ വയനാട് വരെയുളള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന്, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനം ഉള്ളതിനാല്‍ വരും ദിവസങ്ങളിലും മഴ ശക്തമാകും. തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതും മഴയ്ക്ക് കാരണമാണ്. ഉച്ചയ്ക്ക് ശേഷം കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.