വീടിന്റെ ​ഗേറ്റ് ദേഹത്ത് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം തലക്കടത്തൂരിൽ കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന നാലു വയസുകാരന് ദാരുണാന്ത്യം. വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങൽ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകൻ മുഹമ്മദ് സയാൻ എന്ന നാലു വയസുകാരൻ ആണ് മരിച്ചത്. കഴിഞ്ഞ 30ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്.

കൂട്ടുകാരോടൊപ്പം ഗേറ്റിൽ കയറി കളിക്കുന്നതിനിടയിൽ ഗേറ്റ് മറിഞ്ഞ് വീണതോടെ സയാൻ അടിയിൽപ്പെടുകയായിരുന്നു. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. അരീക്കാട് എഎംയുപി സ്‌കൂൾ പ്രീപ്രൈമറി വിദ്യാർത്ഥിയാണ് സയാൻ.

വിദേശത്തായിരുന്ന പിതാവ് അഷ്റഫ് അപകടത്തെ തുടർന്ന് നാട്ടിലെത്തിയിട്ടുണ്ട്. സഹോദരങ്ങൾ: മുഹമ്മദ് ഷിബിലി (ഫ്രഷ് ഡേ സൂപ്പർമാർക്കറ്റ്) ഷഹനഷെറിൻ, അർഷാദ് (ബിഎ അറബിക്, ടിഎംജി കോളേജ് ), ഫാത്തിമറി ഷാന ( പ്ലസ് ടു ബാഫഖി യതീം ഖാന വളവന്നൂർ ), മുഹമ്മദ് ഷമ്മാസ് (ആറാം ക്ലാസ് വിദ്യാർത്ഥി അരീക്കാട് സ്‌കൂൾ ).