‘തോറ്റു പോയി, എല്ലാ അര്‍ഥത്തിലും’ ചുമരിൽ കുറിപ്പ് ; ജനറല്‍ ആശുപത്രിയിലെ ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട: ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് കുമാറാണ് മരിച്ചത്. ബുനാഴ്ച രാവിലെയാണ് അദ്ദേഹത്തെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

‘തോറ്റു പോയി, എല്ലാ അര്‍ഥത്തിലും’ എന്ന് മുറിയിലെ ചുവരില്‍ എഴുതിവെച്ചിട്ടുണ്ട്. മഷിയില്‍ കൈ മുക്കി ചുവരില്‍ പതിച്ചതായും കണ്ടെത്തി. ഗണേഷ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹഡോക്ടര്‍മാരോടൊപ്പം ചൊവ്വാഴ്ച രാത്രി പത്ത് മണിവരെ സമീപത്തെ ഇന്‌ഡോര്‍ സ്‌റ്റേഡിയത്തില്‍ ഗണേഷ് ഫുട്‌ബോള്‍ കളിച്ചിരുന്നു.

ഇന്ന് രാവിലെ പ്രഭാത ഭക്ഷണവുമായി വീട്ടിലെത്തിയ സുഹൃത്ത് വിളിച്ചപ്പോള്‍ ഡോക്ടര്‍ വാതില്‍ തുറന്നിരുന്നില്ല. ശേഷം വീട്ടുടമയും സുഹൃത്തും നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. തിരുവനന്തപുരം കൈമനം സ്വദേശിയാണ് ഗണേഷ് കുമാര്‍.