ഇരിങ്ങാലക്കുടയിൽ പെട്രോള്‍ പമ്പില്‍ തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

ഇരിങ്ങാലക്കുട: പെട്രോള്‍ പമ്പില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. കാട്ടുങ്കല്‍ച്ചിറ സ്വദേശി ഷാനവാസാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പമ്പില്‍ വെച്ച് പെട്രോള്‍ തലവഴി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരിങ്ങാലക്കുട മറീന ആശുപത്രിക്ക് മുന്‍വശത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു.

യുവാവിന്റെ ദേഹം മുഴുവൻ തീ പടർന്നതോടെ ജീവനക്കാര്‍ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചു. ഇതോടെ വലിയ ദുരന്തം ഒഴിവായി. തൊട്ടടുത്ത മെറീന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി സംഭവങ്ങൾ വിലയിരുത്തി.