വീട്ടുകാരുമായി പിണങ്ങി, കാർ അമിത വേ​ഗതയിൽ ഓടിച്ച് അപകടമുണ്ടാക്കി, ഒടുവിൽ 150 അടി താഴ്ചയുള്ള പാറക്കെട്ടിലേക്ക് ചാടി

പത്തനംതിട്ട കോന്നി മങ്ങാരയിൽ വീട്ടുകാരുമായി വഴക്കിട്ട് യുവാവ് നടത്തിയ സാഹസിക പ്രവർത്തികൾ നാട്ടുകാരെ ഞെട്ടിച്ചു. കരിമ്പിലായ്ക്കൽ പി എൻ നാസറിന്റെ മകൻ അനസ് ആണ് ആത്മഹത്യ ശ്രമത്തിലൂടെ നാടിനെ ഞെട്ടിച്ചത്. വീട്ടിൽ നിന്നും വഴക്കിട്ടാണ് ഇയോൺ കാറുമായി അനസ് ഇറങ്ങിയത്. തുടർന്ന് അമിത വേഗതയിൽ കാർ ഓടിച്ചു പോകും വഴി മറ്റു വാഹനങ്ങളിൽ തട്ടുകയും ഉരസുകയുമൊക്കെ ഉണ്ടായി. നേരെ പോയത് വി-കോട്ടയം വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലാണ്. പാറപൊട്ടിച്ച അഗാധമായ കുഴിയാണിത്. അവിടുത്തെ നൂറ്റമ്പതിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് വാഹനം ഓടിച്ച് ഇടിച്ചിറക്കുകയായിരുന്നു.

അപകടത്തിൽ കാറും കാറിൻ്റെ എൻജിനും പൂർണമായി തകർന്നെങ്കിലും കാലിനു ചെറിയ ഒടിവുകളോടെ അനസ് അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് അനസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിനും അപകടകരമാംവിധം വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വിനോദ സഞ്ചാര മേഖലാ ആണെങ്കിലും ഈ പ്രദേശത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല.നിരവധി സഞ്ചാരികളാണ് ഈ പ്രദേശത്ത് ദിനംപ്രതി എത്തുന്നത്.അടിയന്തരമായി സുരക്ഷ വേലികൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.