തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന് നടക്കും

കൊച്ചി: എംഎല്‍എ പിടി തോമസ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന് നടക്കും. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്.

12നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം.

യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമാ തോമസ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫ് ഇത്തവണയും ഒരു സ്വതന്ത്രനെ രംഗത്തിറക്കാനാണ് സാധ്യത. ആം ആദ്മി പാര്‍ട്ടിയ്ക്കും ട്വന്റി 20യ്ക്കും ഇത്തവണ ഒരു സ്ഥാനാര്‍ഥിയായിരിക്കും ഉണ്ടാകുക. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍ സംസ്ഥാനത്ത് എത്തും.

അര്‍ബുദബാധയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ ആശുപത്രിയില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22നാണ് പിടി തോമസ് മരിച്ചത്.