വിനായകന് വേണ്ടിയുളള മുതലക്കണ്ണീർ കഴിഞ്ഞെങ്കിൽ പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ-പി ശ്യാം രാജ്

പൊലീസ് സ്റ്റേഷനിൽ ബഹളം വെച്ചതിന് നടൻ വിനായകൻ അറസ്റ്റിൽ ആയ വാർത്തകൾക്കു പിന്നാലെ വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിച്ചേർന്നത്. ഇപ്പോളിതാ വിനായകൻ വിഷയത്തിൽ ജാതിവാദം പറഞ്ഞ് മുതലകണ്ണീരൊഴുക്കുന്നവർക്ക് മറുപടിയുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഫേസ്ബുക്കിലൂടെയാണ് ശ്യാംരാജിന്റെ കുറിപ്പ്.

പോലീസിന് വിനായകന്റെ ജാതിയാണ് പ്രശ്നമെന്ന്….. പിണറായി വിജയൻ പോലീസ് മന്ത്രി ആയിരിക്കുമ്പോൾ പ്രിവിലേജ്ഡ് ആയ ഒരു ദളിതന് പോലും സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്നും വിവേചനം നേരിട്ടെങ്കിൽ പിന്നെ നിങ്ങളെ കൊണ്ട് എന്തിനു കൊളളാം ?
കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിൽ SC-ST വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് നൽകിയിട്ടില്ല. Phd ചെയ്യുന്ന ആദിവാസി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് ലഭിക്കുന്നില്ല. വിനായകന് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുണ്ട്. വിനായകന് വേണ്ടിയുളള മുതലക്കണ്ണീർ കഴിഞ്ഞെങ്കിൽ പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ….

നോർത്ത് പൊലീസ് സ്റ്റേഷൻറെ പരിധിയിലുള്ള കലൂരിൽ തന്നെയാണ് വിനായകൻ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടിൽ ഭാര്യയുമായുള്ള ബഹളത്തിൻറെ പേരിൽ വിനായകൻ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മഫ്തിയിൽ വനിത പൊലീസ് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകൻ ബഹളം വെച്ചു. അതിനുശേഷം വൈകിട്ട് ആറോടെയാണ് വിനായകൻ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സ്റ്റേഷന് മുന്നിൽനിന്നും സിഗരറ്റ് വലിച്ചതിന് വിനായകനിൽനിന്ന് പൊലീസ് പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനിൽ കയറി വീട്ടിലേക്ക് വന്ന വനിത പൊലീസ് ആരാണെന്ന് അറിയണമെന്ന് പറഞ്ഞ് ബഹളം വെച്ചു. ഇതിനിടയിൽ സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലും പോയി ബഹളം വെച്ചു.