
മലപ്പുറം : മലപ്പുറം ജില്ലയിൽ മൂന്ന് കുട്ടികളിലടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഈ മാസത്തെ കണക്കാണിത്. ഈ വർഷം മാത്രം ഒൻപത് കുട്ടികളിലും 38 മുതിർന്ന വ്യക്തികളിലുമാണ് രോഗം കണ്ടെത്തിയത്. എല്ലാവരും തന്നെ കുഷ്ഠരോഗത്തിനെതിരെയുള്ള വിവിധൗഷധ ചികിത്സയിലാണ്. ബാലമിത്ര 2.0 ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവരിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചത്.
സെപ്തംബർ 20നാണ് ക്യാമ്പ് ആരംഭിച്ചത്. നേരത്തെ തന്നെ കുട്ടികളിൽ ഉണ്ടാകുന്ന കുഷ്ഠരോഗം കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനുമുള്ള പരിപാടിയാണ് ബാല മിത്ര. ഇതിന്റെ ഭാഗമായി സ്‌കൂൾ അദ്ധ്യാപകർ, അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി.
കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടാൽ സൗജന്യമായി വിദഗ്ധ ചികിത്സ നൽകുകയും ചെയ്യുക എന്നതാണ് ബാല മിത്ര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ക്യാംപയിൻ വഴിയാണ് ജില്ലയിൽ പുതിയ കുഷ്ഠരോഗികളുണ്ടെന്ന് കണ്ടെത്തിയത്. മാത്രമല്ല നേരത്തെ കണ്ടെത്തുന്നതിനനുസരിച്ച് വിവിധൗഷധ ചികിത്സ വഴി പൂർണമായും കുഷ്ഠരോഗം ഭേദമാക്കാനും ആകും.