അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി. കേന്ദ്ര സര്‍ക്കാരിനെതിരെ പരാതിയുമായി 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍. കേന്ദ്ര സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ എന്നിവയെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നീക്കം നടത്തുന്നുവെന്നാണ് ആരോപണം. മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിങ്വിയാണ് ഹര്‍ജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് മുന്നില്‍ എത്തിച്ചത്.

ഹര്‍ജി പരിഹണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 14 പാര്‍ട്ടികളുടെ ഹര്‍ജി ഏപ്രില്‍ അഞ്ചിന് കോടതി പരിഗണിക്കും. സിപിഎം,സിപിഐ, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ 14 പാര്‍ട്ടികളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ നീക്കം നടത്തുന്നതായി 14 പാര്‍ട്ടികളും ആരോപിക്കുന്നു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അറസ്റ്റ് മാര്‍ഗ്ഗ രേഖ തയ്യാറാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. തുടര്‍ന്നാണ് ഏപ്രില്‍ അഞ്ചിന് കേസ് കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്.